X

ഈ ജപ്തി ആര്‍ക്ക് വേണ്ടി- എഡിറ്റോറിയല്‍

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ പേരിലുള്ള ജപ്തി നടപടികളുടെ മറവില്‍ റവന്യൂ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നത് കൈവിട്ട കളികളാണ്. ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനുപിന്നാലെ ഗത്യന്തരമില്ലാതെ നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്യാനിറങ്ങിയ ഉദ്യോഗസ്ഥര്‍ സ്ഥലകാല ബോധം നഷ്ടപ്പെട്ട രീതിയിലാണ് പെരുമാറിക്കൊണ്ടിരിക്കുന്നത്. മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ മാത്രമല്ല ജനപ്രതിനിധികളുടെ പോലും വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുമ്പോള്‍ അത് അബദ്ധമെന്ന് പറഞ്ഞ തള്ളിക്കളയാവുന്ന ഒന്നല്ല. മറിച്ച് കുളംകലക്കി മീന്‍പിടിക്കാനുള്ള സര്‍ക്കാറിന്റെ ശ്രമമാണെന്ന് ന്യായമായും കരുതാവുന്നതാണ്.

ആളുമാറിയെന്നറിഞ്ഞിട്ടും മാപ്പു പറഞ്ഞ് പിന്നോട്ടുപോകുന്നതിന് പകരം നിങ്ങള്‍ കോടതിയെ സമീപിച്ചുകൊള്ളൂയെന്ന് ഒരു കൂസലുമില്ലാതെ ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ നടപടി എങ്ങിനെ അബദ്ധമായി കാണാന്‍ കഴിയും. അതുകൊണ്ട് തന്നെ ബോധപൂര്‍വമുള്ള ഈ ശ്രമത്തിലൂടെ പല അജണ്ടകളും നടപ്പാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍.

ഹര്‍ത്താല്‍ മറവില്‍ വ്യാപകമായി പൊതുമുതല്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടി നഷ്ടം നികത്തണമെന്ന കോടതി നിര്‍ദ്ദേശത്തോട് ഉദാസീന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഒടുവില്‍ കോടതിയുടെ ഭാഗത്തുനിന്നുള്ള നിരന്തര സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് നടപടിയിലേക്ക് നീങ്ങിയത്. അപ്പോഴും പോപ്പുലര്‍ഫ്രണ്ടിനെ നോവിക്കാതിരിക്കാന്‍ പിണറായി സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ കാടടച്ചുള്ള വെടിവെപ്പ്.

മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ കൂടി ജപ്തിയുടെ ഭാഗമാക്കി അവര്‍ക്ക് ആശ്വാസം നല്‍കാനുള്ള ശ്രമമാണ്. സമുദായത്തിലുള്ള മുസ്‌ലിംലീഗിന്റെ അപ്രമാദിത്യം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തീവ്ര ചിന്താഗതിക്കാരെ എക്കാലവും പാലൂട്ടി വളര്‍ത്തിയ സി.പി.എമ്മിന് അവരെ ഒരിക്കലും തള്ളിപ്പറയാനോ മാറ്റി നിര്‍ത്താനോ കഴിയില്ല. അതുകൊണ്ടാണ് കോടതി നിര്‍ദേശമുണ്ടായിട്ടും ഇക്കാര്യത്തിലുള്ള സര്‍ക്കാറിന്റെ അമാന്തം. ഗത്യന്തരമില്ലാതെ നടപടിയിലേക്ക് നീങ്ങേണ്ടി വന്നപ്പോള്‍ അതിനു മറ്റൊരു മാനം നല്‍കി വിഷയത്തിന്റെ ഗൗരവം ചോര്‍ത്തിക്കളയാനും ഇതുവഴി ലക്ഷ്യമിടുന്നു. അതോടൊപ്പം പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമത്തില്‍ ലീഗിനും പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും ഈ നടപടിക്ക് പിന്നിലൂടെ സര്‍ക്കാര്‍ നടത്തുന്നു.

യഥാര്‍ത്ഥത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരിലുള്ള ഈ കണ്ടുകെട്ടലില്‍ സര്‍ക്കാര്‍ പങ്കാളികളാക്കേണ്ടത് സ്വന്തം പാര്‍ട്ടിക്കാരെയാണ്. അബദ്ധത്തില്‍ പോലും ഏതെങ്കിലും സി.പി.എം നേതാവിന്റെ വീടിനു മുന്നില്‍ ജപ്തി നോട്ടീസ് പതിപ്പിക്കേണ്ടി വന്നാല്‍ പൊലീസിനെ ഒരിക്കലും ഖേദിക്കേണ്ടി വരില്ല. കാരണം ഇടതു ഭരണകാലത്തുപോലും സി.പി.എം നടത്തിയ സമരാഭാസങ്ങളുടെ മറവില്‍ നശിപ്പിക്കപ്പെട്ട പൊതുമുതലിന് കൈയ്യും കണക്കുമില്ല. അധികാരത്തിന്റെ ഹുങ്കിലും അല്ലാതെയും നടത്തിയിട്ടുള്ള സി.പി.എമ്മുകാര്‍ നടത്തിയ നരനായാട്ടിനു നാലയലത്തുപോലുമെത്തില്ല മറ്റേതൊരു പ്രസ്ഥാനവും വരുത്തിവെച്ച നാശ നഷ്ടങ്ങളുടെ കണക്കുകള്‍. കോടതി നിര്‍ദ്ദേശത്തിന്റെ ഭാഗമായിട്ടാണെങ്കില്‍ പോലും ഇത്തരത്തിലൊരു സ്വത്തുകണ്ടുകെട്ടല്‍ നടത്തുമ്പോള്‍ മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും ചെറുതല്ലാത്ത മനസാക്ഷിക്കുത്തനുഭവിക്കുന്നുണ്ടാകുമെന്നുറപ്പാണ്.

ശക്തമായ സമര പോരാട്ടങ്ങളിലേക്കിറങ്ങിയ മുസ്‌ലിം ലീഗിനും പോഷക സംഘടനകള്‍ക്കും ഒരു മുന്നറിയിപ്പു നല്‍കാനും സര്‍ക്കാര്‍ ഈ ജപ്തി നാടകത്തിലൂടെ ആഗ്രഹിക്കുന്നുണ്ടാകും. കഴിഞ്ഞ ദിവസം യൂത്ത് ലീഗ് നടത്തിയ നിയമസഭാ മാര്‍ച്ചില്‍ യുവജനങ്ങളുയര്‍ത്തിയ ഭരണവിരുദ്ധ പോരാട്ട പ്രതിഷേധങ്ങള്‍ക്കു നേരെ അത്രമാത്രം അസഹിഷ്ണുത പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും അലോസരമുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ യൂത്ത്‌ലീഗ് പ്രവര്‍ത്തകരോട് മൃഗീയമായാണ് പൊലീസ് പെരുമാറിയത്. അതുകൊണ്ടരിശം തീരാഞ്ഞവരാ പുരയുടെ ചുറ്റും മണ്ടി നടന്നു എന്ന കണക്കെ വീണ്ടും വേട്ടയാടാനുള്ള ശ്രമത്തിലാണവര്‍. ഏതായാലും തൊട്ടതെല്ലാം പിഴക്കുകയും എടുക്കുന്ന തീരുമാനങ്ങളില്‍നിന്നെല്ലാം യൂടേണുകള്‍ പതിവാക്കുകയും ചെയ്ത ഈ സര്‍ക്കാര്‍ വരുത്തിവെക്കുന്ന മറ്റൊരു വിഡ്ഡിത്തമാണ് മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ മേലുള്ള ഈ കുതിരകയറല്‍. ജനാധിപത്യ കേരളം തന്നെ ഈ നീചപ്രവര്‍ത്തിക്ക് സര്‍ക്കാറിനെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്നുറപ്പാണ്.

webdesk13: