X

ഐഎസ്എല്‍ കിരീടം ബെംഗളൂരുവിന്; സഹല്‍ മികച്ച യുവതാരം

മുംബൈ: ആവേശം അതിരുവിട്ട ഐഎസ്എല്‍ അഞ്ചാം സീസണല്‍ ഫൈനലില്‍ വീറും വാശിയും എക്സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോള്‍ ബെംഗളൂരു എഫ്സിക്ക് കിരീടം. എഫ്സി ഗോവയെ 117-ാം മിനുറ്റില്‍ കോര്‍ണറില്‍ നിന്ന് രാഹുല്‍ ഭേക്കേ നേടിയ ബുള്ളറ്റ് ഹെഡറില്‍ ബെംഗളൂരു 1-0ന് വീഴ്ത്തുകയായിരുന്നു. കഴിഞ്ഞ തവണ ഫൈനലില്‍ കൈവിട്ട കിരീടമാണ് ബെംഗളൂരു ഇക്കുറി ഉയര്‍ത്തിയത്.

പന്തിനൊപ്പം തമ്മിലടിയും കാര്‍ഡുകളും ഉയര്‍ന്ന മത്സരത്തിലെ ആദ്യ 90 മിനുട്ടില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 110 ലും ഗോളില്ല. ഒടുവില്‍ കളിയുടെ 117-ാം മിനുറ്റില്‍ രാഹുല്‍ ബെക്കെ എന്ന മധ്യനിരക്കാരന്റെ തലയില്‍ നിന്നും ബുള്ളറ്റ് വേഗതയില്‍ പറന്ന പന്തില്‍ ബംഗളൂരുവിന്റെ നീലപ്പട ഉച്ചത്തില്‍ ഉയര്‍ന്നു. ആദ്യം പോസ്റ്റില്‍ തട്ടി പിന്നെ ഗോവന്‍ കാവല്‍ക്കാരന്‍ നിഖിലിനെയും പരാജിതനാക്കി വലയില്‍ വീണ പന്ത് ഗോവയെ തകര്‍ത്തുകളഞ്ഞു.

ഫൈനല്‍ പോരാട്ടത്തിന്റെ മുഴുസമയ ആവേശവമുണ്ടായിരുന്നു 90 മിനുട്ട്് അങ്കത്തിന്. രണ്ട് ടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചു. പക്ഷേ ഗോള്‍ക്കീപ്പര്‍മാരുടെ മികവില്‍ പന്ത് ഗോള്‍ വലയത്തിലെത്തിയില്ല. അധികസമയത്തേക്ക് പോയപ്പോഴും വേഗതയാര്‍ന്ന നീക്കങ്ങള്‍ പലതുണ്ടായി. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി കര്‍ക്കശമായി നിയന്ത്രിക്കപ്പെട്ടപ്പോള്‍ മിക്കുവായിരുന്നു ബംഗളൂരുവിന്റെ മുന്നണി പോരാളി. മല്‍സരത്തില്‍ നിര്‍ണായക ഗോള്‍ നേടിയ രാഹുല്‍ ബേക്കെയാണ് കളിയിലെ കേമന്‍. ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഗോവയുടെ ഫെറാന്‍ കോറോമിനസാണ്. ടോപ് സ്‌ക്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടും അദ്ദേഹത്തിന് തന്നെ. മികച്ച ഗോള്‍ക്കീപ്പറായി ബംഗളൂരുവിന്റെ വല കാത്ത ഗുര്‍പ്രീത് സിംഗ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കേരളത്തിന് അഭിമാനിക്കാന്‍ മികച്ച യുവതാരമായി കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സഹല്‍ അബ്ദുള്‍ സമദ് തെരഞ്ഞെടുക്കപ്പെട്ടു.

chandrika: