india

ഏഷ്യ കപ്പ് ട്രോഫിയുമായി ഹോട്ടലിലേക്ക് പോയ പി.സി.ബി തലവന്റെ നീക്കം അംഗീകരിക്കാനാവില്ല; ബി.സി.സി.ഐ

By webdesk18

September 29, 2025

ഏഷ്യ കപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ ട്രോഫിയുമായി ആഘോഷം നടത്താന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുവദിക്കാതിരുന്നത് അംഗീകരിക്കാനാവില്ലെന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത് സൈക. ഫൈനലിലെ പാകിസ്ഥാനെതിരായ ഇന്ത്യയുടെ അഞ്ച് വിക്കറ്റ് വിജയത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തിന് ശേഷം പി.സി.ബി തലവന്‍ മൊഹ്‌സിന്‍ നഖ്‌വി ട്രോഫിയുമായി ഹോട്ടലിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യ കപ്പിന്റെ സമ്മാനദാന ചടങ്ങിനിടെയാണ് മുമ്പെങ്ങും ഇല്ലാത്ത സംഭവവികാസങ്ങള്‍ ഉണ്ടായത്. പാകിസ്താന്‍ ആഭ്യന്തരമന്ത്രി കൂടിയായ മുഹ്‌സിന്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി വാങ്ങാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചു. തുടര്‍ന്ന് ട്രോഫിയുമായി നഖ്‌വി ഹോട്ടലിലേക്ക് പോവുകയായിരുന്നു. മത്സരത്തിലെ വിജയത്തിന് ശേഷം ട്രോഫിയില്ലാതെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആഘോഷം നടത്തിയത്.

നഖ്വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കില്ല എന്നത് ഇന്ത്യന്‍ ടീം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ അറിയിച്ചിരുന്നു. എമിറേറ്റ്‌സ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഖാലിദ് അല്‍ സറൂണിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍, ഇത് അംഗീകരിക്കപ്പെട്ടില്ല. ഇന്ത്യയുമായി സംഘര്‍ഷത്തിലുള്ള ഒരു രാജ്യത്തിന്റെ പ്രതിനിധിയില്‍ നിന്നും ട്രോഫി സ്വീകരിക്കില്ലെന്നത് രാജ്യത്തിന്റെ നിലപാടാണ്. എന്നാല്‍, ട്രോഫിയും മെഡലുകളുമായി നഖ്‌വി പോയത് ഒരിക്കലും അംഗീകരിക്കാനാവില്ല.

ഇതാദ്യമായാണ് ജയിച്ച ഒരു ടീം ട്രോഫിയില്ലാതെ ആഘോഷം നടത്തുന്നതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു. നേരത്തെ ഇന്ത്യപാകിസ്താന്‍ മത്സരത്തിനിടെ പാക് താരങ്ങള്‍ക്ക് ഇന്ത്യന്‍ താരങ്ങള്‍ ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ചതും വിവാദമായിരുന്നു. ത്രില്ലര്‍ പോരിനൊടുവില്‍ ഏഷ്യകപ്പ് ക്രിക്കറ്റ് കിരീടം നിലനിര്‍ത്തി ഇന്ത്യ. കലാശപ്പോരില്‍ പാകിസ്താനെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ ചാമ്പ്യന്മാരായത്.