കണ്ണൂര്‍: പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിന് പൊലീസിന് 5000 രൂപ പിഴ ചുമത്തി. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിന് സമീപമുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയം സമീപത്താണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് മാലിന്യം കത്തിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇടപ്പെട്ട് പൊലീസില്‍ നിന്ന് പിഴ ഈടാക്കി. പൊലീസ് മൈതാനിയില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് കത്തിക്കുന്ന ദൃശ്യങ്ങള്‍ 9446700800 എന്ന ഹരിതകര്‍മ്മ സേനയുടെ വാട്‌സ്ആപ്പ് നമ്പറിലേക്ക് ലഭിച്ചതോടെയാണ് നടപടി ആരംഭിച്ചത്. ഹരിതകര്‍മ സേനയ്ക്ക് നല്‍കി പുനഃചംക്രമണം ചെയ്യാവുന്ന പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങളാണ് കത്തിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തുടര്‍ന്ന് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ സംഭവം സ്ഥിരീകരിക്കപ്പെട്ടു. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസിന് 5000 രൂപ പിഴ ചുമത്തുകയും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍, നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ വില്‍പ്പന, ഉപയോഗം എന്നിവ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് 9446700800 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യാവുന്നതാണ്.