പുരാവസ്തുക്കളെന്ന വ്യാജേന നിരവധി പേരെ കബളിപ്പിച്ച് കോടികള്‍ തട്ടിച്ച ചേര്‍ത്തല സ്വദേശി മോന്‍സണ്‍ മാവുങ്കലിന് ജനങ്ങളുടെ നികുതിപ്പണംകൊണ്ട് പ്രവര്‍ത്തിക്കുന്ന പൊലീസ് സേനയെ കാവലാളാക്കിയ സര്‍ക്കാരാണിന്ന് കേരളത്തിലുള്ളത്. തട്ടിപ്പുകാരന് സംരക്ഷണം കൊടുക്കാന്‍ കല്‍പിച്ച മുന്‍ പൊലീസ് മേധാവിയെയും മോണ്‍സനെ തന്നെയും സംരക്ഷിക്കുന്ന നയമാണ ്‌സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്നാണ് ഇന്നലെ നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയിലൂടെ വ്യക്തമായിരിക്കുന്നത്. സെപ്തംബര്‍ ആദ്യവാരം ഇരകള്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തയ്യാറായെങ്കിലും തട്ടിപ്പിന് കൂട്ടുനിന്നത് സംസ്ഥാന പൊലീസ് മേധാവിയാണെന്ന തരത്തില്‍ ഹൈക്കോടതി തുറന്നടിച്ചിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിയും സര്‍ക്കാരും അവര്‍ക്കെല്ലാം കൂട്ടുനില്‍ക്കുന്നു എന്ന ചോദ്യത്തിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. കേസില്‍ പൊലീസിന്റെ വീഴ്ചക്കെതിരെ കോടതി ഇന്നലെ സര്‍ക്കാരിനെതിരെ മുനവെച്ചുള്ള ചോദ്യങ്ങളാണുന്നയിച്ചത്. മോന്‍സന്റെ ഡ്രൈവറുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യങ്ങളെങ്കില്‍ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തട്ടിപ്പുകാരനെയും പൊലീസിനെയും സംരക്ഷിക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന്മേല്‍ സ്വീകരിച്ചത്. ഇത് കോടതിയോടും ജനങ്ങളോടുമുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയായേ കാണാനാകൂ.

വിലപിടിപ്പുള്ള പുരാവസ്തുക്കള്‍ ശേഖരിച്ചിരിക്കുന്നതിനാല്‍ ‘മോന്‍സണ്‍ എഡിഷന്‍’ എന്ന എറണാകുളം കലൂരിലെ മോന്‍സന്റെ സ്ഥാപനത്തിനും അയാളുടെ ചേര്‍ത്തലയിലെ വീടിനും പൊലീസ് സംരക്ഷണം നല്‍കണമെന്ന് സംസ്ഥാനപൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിടുന്നത് 2019 മേയിലാണ്. ഇതിനുമുമ്പ് അദ്ദേഹവും സഹപ്രവര്‍ത്തകനായ എ.ഡി.ജി.പി മനോജ്എബ്രഹാമും മോന്‍സന്റെ സ്ഥാപനത്തില്‍ നേരില്‍ ചെല്ലുകയും അയാളും അയാളുടെ തട്ടിപ്പു വസ്തുക്കളുമൊത്ത് ചിത്രമെടുക്കുകയും ചെയ്തതാണ്. എന്നിട്ടും എന്തുകൊണ്ടാണ് പൊലീസ് മേധാവി തട്ടിപ്പുകാരനും വസ്തുക്കള്‍ക്കും സംരക്ഷണം നല്‍കാനാവശ്യപ്പെട്ടതെന്നതിനെക്കുറിച്ചാണ് പ്രതിപക്ഷവും കോടതിയും ആരാഞ്ഞത്. ഏറ്റവും കുറഞ്ഞത് മറ്റു വസ്തുക്കളെല്ലാം തന്നെയും തട്ടിപ്പുസാധനങ്ങളും വ്യാജമാണെന്നും തിരിച്ചറിയാന്‍ കഴിയാതിരുന്നാല്‍തന്നെയും അവിടെയുണ്ടായിരുന്നവയില്‍ ‘ആനക്കൊമ്പുകള്‍ കണ്ടാലെങ്കിലും അന്വേഷിക്കേണ്ടേ’ എന്നാണ് കോടതി ചോദിച്ചത്. ഇത് ബെഹ്‌റയെയും മനോജ് എബ്രഹാമിനെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രിയോടുള്ള ചോദ്യമാണ്.

പൊലീസ് മേധാവിയായിരുന്നയാളും അയാളുടെ കീഴിലെ പൊലീസ് സേനയും തെറ്റു ചെയ്താല്‍ അതിന്മേല്‍ നടപടിയെടുക്കേണ്ട ഉത്തരവാദിത്തമുണ്ടായിരിക്കവെയാണ് പിണറായി വിജയന്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിച്ചത്. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ മോന്‍സന്റെ വീട്ടില്‍ ചികില്‍സക്ക് പോയതാണ് മുഖ്യമന്ത്രിയെ ആകുലനാക്കുന്നതത്രെ. തട്ടിപ്പ് നടത്തുന്നവരെ ജനങ്ങള്‍ സമീപിക്കുന്നതാണോ അവരെ കണ്ടെത്താതിരിക്കുകയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാതിരിക്കുകയും പകരം സംരക്ഷണം കൊടുക്കുന്നവരുമാണോ യഥാര്‍ത്ഥത്തില്‍ കുറ്റക്കാര്‍ എന്ന് മുഖ്യമന്ത്രി മറുപടി പറയണം. മുഖ്യമന്ത്രിയുടെ വാദമനുസരിച്ചാണെങ്കില്‍ കേരളത്തിലെ തട്ടിപ്പുകാരുടെ വലയില്‍ കുടുങ്ങിയവരെയെല്ലാം തട്ടിപ്പുകാരോടൊപ്പംതന്നെ ശിക്ഷിക്കപ്പെടുകയും തട്ടിപ്പുകാര്‍ക്ക് സംരക്ഷണം കൊടുത്തവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുകയും വേണം. സാധാരണക്കാരന്‍ ഒരുപരാതിയുമായി ചെന്നാല്‍ ഓടിച്ചും മര്‍ദിച്ചും വിടുന്ന പൊലീസാണിതെന്നോര്‍ക്കണം. സ്ഥാനമൊഴിഞ്ഞയുടന്‍ ലോക്‌നാഥ് ബെഹ്‌റക്ക് പകരമായി നല്‍കിയ കൊച്ചിമെട്രോ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം മതി മുഖ്യമന്ത്രിയുടെ എത്ര വലിയ അടുപ്പക്കാരനാണ് ലോക്‌നാഥ്‌ബെഹ്‌റ എന്ന് വ്യക്തമാകാന്‍. പൊലീസിന്റെ വിശദമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടും തട്ടിപ്പുകാരന് സംരക്ഷണം നല്‍കിയത് സര്‍ക്കാരിലെയോ ഭരണകക്ഷിയിലെയോ ആരെങ്കിലും ആവശ്യപ്പെട്ടതിനാലായിരിക്കണം. ആരാണ് അത്തരമൊരു നിര്‍ദേശം ബെഹ്‌റക്ക് നല്‍കിയതെന്നറിയാന്‍ മുഖ്യമന്ത്രിയുടെ ബെഹ്‌റയോടുള്ള അതിരുവിട്ട അനുഭാവം മാത്രം മതി.

രണ്ടു വര്‍ഷത്തിലധികമായി തട്ടിപ്പുകാരന് സംരക്ഷണം കൊടുക്കുന്നെങ്കില്‍ അത് സ്ഥലത്തെ സി.പി.എം നേതൃത്വത്തിനും അറിയാതെ പോയതെന്തുകൊണ്ടാണ്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ബെഹ്‌റയുടെ ഇഷ്ടക്കാരനെ തൊടാന്‍ സി.പി.എമ്മുകാര്‍പോലും മടിച്ചുവെന്ന് കരുതണം. സുധാകരന്‍ മാത്രമല്ല, കോടതി ചൂണ്ടിക്കാട്ടിയതുപോലെ ഏതൊരു മനുഷ്യനും പൊലീസിന്റെ ഗുഡ്ബുക്കിലുള്ളയാളെ ചെന്നുകാണുന്നതിലെന്താണ് തെറ്റ്. സിനിമാക്കാരും ഗായകരും പൊതുപ്രവര്‍ത്തകരും മോന്‍സന്റെ ആഢംബര വസ്തുക്കളിലും വാഹനങ്ങളിലും കബളിപ്പിക്കലിലും വീണുപോയതിനുത്തരവാദികള്‍ സത്യത്തില്‍ അയാളേക്കാള്‍ സംസ്ഥാന പൊലീസും ആഭ്യന്തര വകുപ്പും അതിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുമാണ്. അന്വേഷിക്കാമെന്ന ഒഴുക്കന്‍ മറുപടി അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍പോലും അംഗീകരിക്കുകയും വിശ്വസിക്കുകയുംചെയ്യുമെന്ന ്‌തോന്നുന്നില്ല. അതുകൊണ്ടാണല്ലോ കോടതി പറഞ്ഞിട്ടുപോലും ബെഹ്‌റ ഇപ്പോഴും പ്രമുഖ പൊതുമേഖലാസ്ഥാപനത്തിന്റെ എം.ഡിയായി തുടരുന്നത്. മുമ്പ് കോടതിയുടെ പരോക്ഷമായ പരാമര്‍ശങ്ങളുടെ പേരില്‍ മന്ത്രിമാരെ രാജിവെപ്പിച്ച പിണറായി വിജയനും സി.പി.എമ്മിനും നീതിയോട് അല്‍പമെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ആഭ്യന്തര വകുപ്പുമന്ത്രി പദവി ഉടന്‍ ഒഴിയുകയാണ് വേണ്ടത്.