X

തിരുവനന്തപുരത്ത് കാണാതായ രണ്ടു വയസുകാരിക്കായി തെരച്ചിൽ ഊർജ്ജിതം

പേട്ടയിൽ നിന്നും കാണാതായ രണ്ടുവയസുകാരിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. അതേസമയം, കാണാതായ കുട്ടിയുടെ മൂത്ത സഹോദരന്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പൊലീസ് നായയെ ഉൾപ്പെടെ എത്തിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ സഹോദരന്റെ മൊഴിയിലെ വൈരുദ്ധ്യം പൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്.

കുട്ടിയുടെ മൂത്ത സഹോദരന്റെ മൊഴിയിൽ പറയുന്നതിൽനിന്നു വ്യത്യാസമായി മറ്റൊരു വഴിയിലൂടെയാണ് പൊലീസ് നായ പോയത്. കുട്ടിയെ തട്ടിയെടുത്തെന്നു കരുതുന്ന മഞ്ഞ സ്കൂട്ടർ പോയെന്നു സഹോദരൻ പറഞ്ഞതിന് എതിർദിശയിലാണ് നായ സഞ്ചരിച്ചത്. മഞ്ഞ സ്കൂട്ടറാണു വന്നതെന്നും അതിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമാണു കാണാതായ പെൺകുട്ടിയുടെ മൂത്ത സഹോദരൻ പറഞ്ഞത്. എന്നാൽ ഇത് ഇളയ സഹോദരൻ പറഞ്ഞ അറിവാണെന്നാണു പിന്നീട് ചോദിച്ചപ്പോൾ കുട്ടി പറഞ്ഞത്. സ്കൂട്ടറിലാണു തട്ടിക്കൊണ്ടു പോയതെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും പൊലീസ് കമ്മിഷണറും പറഞ്ഞു.

തിരുവനന്തപുരത്തു നിന്നും രണ്ടു വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയത് ആക്ടീവയിലെത്തിയ ആളെന്ന് സൂചന. രാത്രി 12 മണിയോടെയാണ് മൂന്ന് സഹോദരങ്ങൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന രണ്ടു വയസുകാരി മേരിയെ തട്ടിക്കൊണ്ടുപോയത്. പേട്ടയിൽ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്തുനിന്നാണ് നാടോടി ​ദമ്പതികളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്.
ഹൈദരാബാദ് എൽപി നഗർ സ്വദേശികളായ അമർദീപ്- റബീന ദേവിയുടെ മകൾ മേരിയെയാണ് തട്ടിക്കൊണ്ടുപോയത്. മൂന്ന് സഹോദരങ്ങളൊപ്പമാണ് പെൺകുട്ടി കിടന്നുറങ്ങിയത്.രാത്രി 12 മണിയോടെ ആക്ടീവ സ്‌കൂട്ടറിൽ എത്തിയയാൾ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്നാണ് നി​ഗമനം.സമീപത്തെത്തിയത് മഞ്ഞ നിറത്തിലുള്ള സ്‌കൂട്ടറാണെന്നും അതിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് കാണാതായ കുഞ്ഞിന്റെ സഹോദരൻ പറയുന്നു.

പരാതി ലഭിച്ചതിന് പിന്നാലെ പൊസീസ് നഗരത്തിൽ തിരച്ചിൽ ശക്തമാക്കി. ഡിസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കുട്ടിയെ കാണാതായിട്ട് പത്ത് മണിക്കൂർ പിന്നിട്ടിട്ടും വ്യക്തമായ സൂചനകൾ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല. ട്രെയിൻ വഴി തട്ടിക്കൊണ്ടു പോകാനുള്ള സാഹചര്യം കണക്കിലെടുത്ത് റെയിൽവെ സ്‌റ്റേഷനുകളിലും പരിശോധന തുടരുന്നുണ്ട്. എന്നാൽ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച് കൃത്യമായ സമയം ലഭിക്കാത്തത് അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുകയാണ്.

webdesk13: