ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജെയ് ഷായുടെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് വാര്‍ത്ത പുറത്തു വിട്ടതില്‍ മാപ്പു പറയില്ലെന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ദ വയര്‍.

ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ ജെയ്ഷാ നല്‍കിയ മാനനഷ്ടക്കേസ് സുപ്രീംകോടതി പരിഗണിക്കവെയാണ് മാപ്പ് പറയില്ലെന്ന് വയര്‍ അധികാരികള്‍ വ്യക്തമാക്കിയത്. മാധ്യമപ്രവര്‍ത്തക രോഹിണി സിങിന്റെ അഭിഭാഷകയാണ് കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. വാര്‍ത്തക്കെതിരെ മാനനഷ്ടകേസ് നല്‍കിയ ജെയ് ഷാ കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് സ്ഥാപനവും മാധ്യമ പ്രവര്‍ത്തകയും മാപ്പ് പറഞ്ഞാല്‍ മതിയെന്ന നിലപാടിലായിരുന്നു. ഇതിനെതിരെയാണ് ദ വയര്‍ ശക്തമായി തിരിച്ചടിച്ചത്.

വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മാപ്പു പറയില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. ജെയ്ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ വിറ്റുവരവ് ഒറ്റവര്‍ഷം കൊണ്ട് 50000 രൂപയില്‍ നിന്ന് 80 കോടിയിലേക്ക് ഉയര്‍ന്നുവെന്നാണ് വാര്‍ത്ത നല്‍കിയത്. 2017 ഏപ്രില്‍ 18നാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് വാര്‍ത്ത എഴുതിയ രോഹിണി സിങ്, എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജ്, മാനേജിങ് എഡിറ്റര്‍ എം.കെ വേണു എന്നിവര്‍ക്കെതിരെ ജെയ് ഷാ മാനനഷ്ടത്തിന് കേസ് നല്‍കുകയായിരുന്നു.