X

ഹരിതാഭം, മനോഹരം ഈ ‘തണല്‍’ മുറ്റം

ഫൈസല്‍ മാടായി

കണ്ണൂര്‍: അടുക്കും ചിട്ടയുടെ അടയാളമാണ് ‘തണല്‍’ വീടെന്ന ഈ ഗൃഹാങ്കണം. പുറത്തെ പച്ചപ്പ് അകത്തളങ്ങളിലും ഊഷ്മളത തീര്‍ക്കുന്നുണ്ട്. തികച്ചും ആരോഗ്യപരമായ അന്തരീക്ഷം. പാരിസ്ഥിതിക സൗഹാര്‍ദത്തിലേക്ക് നയിക്കുന്നതാണ് നസീമയെന്ന വീട്ടമ്മയുടെ അധ്വാനം.

തൈകളും ചെടികളും വെറുതെ നട്ടുപിടിപ്പിക്കുകയല്ല ഇവര്‍. കൃത്യമായ പരിചരിക്കും. വെട്ടിത്തെളിച്ച് മനോഹരമാക്കും മുറതെറ്റാതെ. ആദ്യ കാഴ്ചയില്‍ തന്നെ അനുഭവിച്ചറിയാനാകും നസീമയുടെ അധ്വാന മികവ്. പ്രവാസജീവിതം അവസാനിപ്പിച്ച ഭര്‍ത്താവ് അബ്ദുല്‍ സലാമിന്റെ കൂട്ടുമായതോടെ ഈ വീട്ടമ്മയുടെ പ്രയത്‌നത്തിന് തിളക്കമേറെയാണ്. അലങ്കാര ചെടികള്‍ മുതല്‍ ഫല വൃക്ഷങ്ങളും ഔഷധ സസ്യങ്ങള്‍ വരെയുണ്ട് വിശാലമായ വീട്ടുമുറ്റത്ത്.

വീടിന്റെ ചുറ്റുവട്ടവും ഹരിതാഭമാക്കും മനോഹാരിതയ്ക്ക് സൗന്ദര്യമേകുന്നതാണ് വിവിധ വര്‍ണ പൂക്കളും. മനം കുളിര്‍പ്പിക്കും മാട്ടൂല്‍ റോഡില്‍ മാടായി സിഐസി ശ്മശാനത്തിന് സമീപത്തെ പി.കെ നസീമയുടെ വീട്ടങ്കണ കാഴ്ച. വര്‍ഷങ്ങളോളം ഭര്‍ത്താവിനൊപ്പം പ്രവാസ ലോകത്തായിരുന്ന നസീമ നേരമ്പോക്കിനാണ് ചെടികള്‍ വെച്ചുപിടിപ്പിച്ച് തുടങ്ങിയത്. മുളക് ഉള്‍പ്പെടെ ചെറിയ തൈകള്‍ നട്ട് ഫലം കണ്ട് തുടങ്ങിയതോടെ അതൊരു ലഹരിയായി. തൊട്ടുപിന്നാലെ പലതരം കായ്കനികളുടെ തൈകളും വ്യത്യസ്ത ചെടികളും തേടിപ്പിടിച്ച് നട്ടുവളര്‍ത്തി വീട്ടുമുറ്റം ഉദ്യാനമാക്കി മാറ്റാനായി ശ്രമം.

ഇന്ന് വിദേശയിനങ്ങള്‍ ഉള്‍പ്പെടെ ചെടികളും ഫലൃവൃക്ഷങ്ങളും ഉള്‍പ്പെടെ നൂറുകണക്കിന് തൈകളുണ്ട് ഈ വീട്ടുമുറ്റത്ത്. ഓര്‍ക്കിഡ് ഇനങ്ങളായ ആന്തൂറിയം വിറ്റാറിഫോലിയം, ഫിലോഡെന്‍ഡ്രോണ്‍ വിഭാഗത്തിലെ പിങ്ക് പ്രിന്‍സസ്, ഫ്‌ലോറിഡ ബ്യൂട്ടി, സ്‌ട്രോബറി ഷേക്ക്, ഗ്ലോറിസം, സില്‍വര്‍ സ്വോര്‍ഡ്, ബര്‍ള് മര്‍ക്‌സ് തുടങ്ങി റഫിഡൊപ്പൊറ ടെട്രാസ്‌പെര്‍മ, അലോകാസിയ അല്‍ബോ, ആന്തൂറിയം ക്രിസ്റ്റാലിനം, അഡന്‍സോണില്‍, അലോകാസിയ ഡ്രാഗണ്‍ സ്‌കൈല്‍, കെര്‍സെസ്റ്റിസ് മിറാബിളിസ്, ഫിലോഡെന്‍ട്രോണ്‍ പരെയ്‌സോ വെര്‍ഡ് എന്നിവയുടെ ശേഖരമേറെയുണ്ട് ഈ വീട്ടുമുറ്റത്തെ തോട്ടത്തില്‍.

എട്ടിനം ചീരകളും വിയറ്റ്‌നാം ഉള്‍പ്പെടെ മൂന്നിനം ചക്കകളും മാങ്കോസ്റ്റിന്‍, മിറാക്ള്‍ ഫ്രൂട്ട്, റംബൂട്ടാന്‍ തുടങ്ങി തക്കാളി, പയര്‍, വഴുതന, കാബേജ്, കോണ്‍ഫ്‌ളവര്‍, ചേന, ചേമ്പ് തുടങ്ങി പഴവര്‍ഗങ്ങളും പച്ചക്കറികളും കറിവേപ്പിലയും വേപ്പും ഉള്‍പ്പെടെ ഔഷധ ചെടികളുമുണ്ട് ഇവരുടെ വീട്ടുമുറ്റത്തെ തോട്ടത്തില്‍. നല്ലയിനം നാടന്‍ കോഴികളെയും പേര്‍ഷ്യന്‍ പൂച്ചയെയും ഇവര്‍ വളര്‍ത്തുന്നുണ്ട്. ഭര്‍ത്താവ് ഏണ്ടിയില്‍ അബ്ദുല്‍ സലാമിന്റെയും മക്കള്‍ ഫര്‍ഹാന്‍, ഫര്‍സാന, ഫര്‍ഷാദ് എന്നിവരുടെയും പിന്തുണയുമാണ് വീടങ്കണം ഉദ്യാനമാക്കി മാറ്റാന്‍ നസീമയ്ക്ക് സാധിച്ചത്. മാടായി പഞ്ചായത്ത് കൃഷി വകുപ്പിന്റെ പിന്തുണയുമായതോടെ കൃഷിയില്‍ തന്റേതായ ഇടമുറപ്പിക്കാനുള്ള പരിശ്രമിത്തിലാണ് ഈ വീട്ടമ്മ.

webdesk13: