X

തൊണ്ടയാട് ബസ്സപകടം: 23 പേര്‍ക്ക് പരിക്കേറ്റു; ഡ്രൈവര്‍ക്ക് ഗുരുതരപരിക്ക്

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസ് ജങ്ഷനില്‍ നിയന്ത്രണംവിട്ട സ്വകാര്യബസ് മറിഞ്ഞ് സ്ത്രീയ്ക്കും െ്രെഡവര്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തില്‍പ്പെട്ടവരെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 9.45 ഓടെയാണ് അപകടം. മുക്കത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ആക്‌ട്രോസ് ബസാണ് അപകടത്തില്‍പെട്ടത്.

തൊണ്ടയാട് ജങ്ഷനില്‍ സിഗ്‌നല്‍ മറികടക്കാന്‍ അതിവേഗതിയില്‍ വരുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ കയറുകയായിരുന്നു. തുടര്‍ന്ന് എതിര്‍ദിശയിലൂടെ ലോഡ് കയറ്റി വരികയായിരുന്ന ടിപ്പറിന് പിറകെ ഇടിച്ചാണ് മറിഞ്ഞത്. എതിര്‍ഭാഗത്തെ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാനിലും ബസിടിച്ചു. ബസില്‍ കുടുങ്ങിയ യാത്രക്കാരെ ഓടിക്കൂടിയ നാട്ടുകാരാണ് പുറത്തെടുത്തത്. സംഭവമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. വിവിധ ആശുപത്രികളില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ആംബുലന്‍സും സ്ഥലത്തെത്തിയിരുന്നു. ബസില്‍ നിന്നൊഴുകിയ ഓയിലും ഡീസലും റോഡില്‍ പരന്നൊഴുകയതിനാല്‍ ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

കോഴിക്കോട് ഭാഗത്ത് നിന്നും മെഡിക്കല്‍കോളജ് ഭാഗത്തേക്കുള്ള സിഗ്‌നല്‍ തെളിഞ്ഞിതിനാല്‍ ഈ റോഡില്‍ കൂടുതല്‍ വാഹനങ്ങളുണ്ടായിരുന്നില്ല. വാഹനങ്ങള്‍ വരുമ്പോഴായിരുന്നു ബസ് നിയന്ത്രണം വിട്ടു മറുഭാഗത്തെ റോഡിലേക്കു കടന്നതെങ്കില്‍ വന്‍ ദുരന്തമായിരുന്നുണ്ടാവുകയെന്ന് സമീപത്തെ കടക്കാര്‍ പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് ജൂണ്‍ 20 ന് ഇതേ സ്ഥലത്ത് ബസ് മറിഞ്ഞ് 30 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

chandrika: