അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പിക്ക് തലവേദനയായി സഖ്യകക്ഷി ഇന്‍ഡിജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഒഫ് ത്രിപുര (ഐ.പി.എഫ്.ടി) രംഗത്ത്. ഗോത്രവിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രി വേണമെന്നതാണ് ഇവര്‍ ഉയര്‍ത്തുന്ന ആവശ്യം. പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഐ.പി.എഫ്.ടി പ്രസിഡന്റ് എന്‍.സി ദേബ്ബാര്‍മ്മയാണ് ഇക്കാര്യം പറഞ്ഞത്.

ത്രിപുരയില്‍ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താന്‍ കഴിഞ്ഞു. ഗോത്രവിഭാഗത്തിന്റെ വോട്ടില്ലാതെ ഭൂരിപക്ഷം കിട്ടുകയെന്നത് വെല്ലുവിളിയായിരുന്നു. സംവരണമണ്ഡലങ്ങളിലെ വോട്ടുകള്‍ തീര്‍ച്ചയായും വിജയത്തിനെ സ്വാധീനിച്ചിട്ടുണ്ട്. അതിനാല്‍ ഗോത്രവര്‍ഗ്ഗങ്ങളുടെ വികാരം കൂടി ഉള്‍ക്കൊള്ളുന്ന രീതിയിലുള്ള തെരഞ്ഞെടുപ്പുകളാണെങ്കില്‍ മുഖ്യമന്ത്രിയാവുന്നതിനും അര്‍ഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എന്ന ആവശ്യം കൂടാതെ ഗോത്രവിഭാഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക സംസ്ഥാനമെന്ന ആവശ്യവും ഐ.പി.എഫ്.ടി മുന്നോട്ട് വച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രത്യേക വിഷയമാണെന്നും എന്നാല്‍ പ്രത്യേക സംസ്ഥാനം വേണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണെന്നും ദേബ്ബാര്‍മ വ്യക്തമാക്കി. നേരത്തെ, തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുമെന്ന് ദേബ്ബാര്‍മ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മുഖ്യമന്ത്രി വേണമെന്ന ആവശ്യം ശക്തമാവുന്നത്.

ബി.ജെ.പിയുടെ ചാണക്യനായ ബിപ്ലബ് കുമാര്‍ ദേബ് ആണ് മുഖ്യമന്ത്രിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 25 വര്‍ഷത്തെ സി.പി.എം ഭരണത്തിന് അന്ത്യംകുറിച്ച് അധികാരം പിടിച്ചവേളയില്‍ മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് ബിപ്ലാബ് അല്ലാതെ മറ്റൊരാളെ ആലോചിക്കേണ്ടതില്ലെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റായ ദേബിന്റെ നേതൃത്വത്തിലായിരുന്നു ഇത്തവണ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. 59 അംഗ നിയമസഭയില്‍ 35 ബി.ജെ.പിക്കും എട്ട് ഐ.പി.എഫ്.ടിക്കുമാണ് ലഭിച്ചത്. 43 അംഗങ്ങളുമായി ബി.ജെ.പി-ഐ.പി.എഫ്.ടി കൂട്ടുകെട്ടിലാണ് ത്രിപുര ബി.ജെ.പി സഖ്യം ഭരിക്കാനൊരുങ്ങുന്നത്.