ഓസ്‌കാര്‍ നേട്ടത്തിലൂടെ മലയാളിയുടെ യശസ് വിശ്വത്തോളമുയര്‍ത്തിയ റസൂല്‍പൂക്കുട്ടി തൃശൂര്‍ പൂരം ഒപ്പിയെടുക്കാനെത്തി. പെരുവനം കുട്ടന്‍മാരാറും സംഘവും ഇലഞ്ഞിത്തറ മേളം നാലാം കാലത്തില്‍ കൊട്ടി കയറി അവസാനിക്കുമ്പോഴേക്കും ‘ഇലക്ട്രിഫൈയിംഗ്’ എന്ന വിദേശ നിര്‍മിത സ്‌ക്കള്‍ മൈക്കില്‍ എല്ലാം ഒപ്പിയെടുത്തിരുന്നു. മഠത്തില്‍ വരവും ഇലഞ്ഞിത്തറ മേളവും കുടമാറ്റവും വെടിക്കെട്ടുമെല്ലാം സമ്പൂര്‍ണ്ണമായി പകര്‍ത്തുക എന്നതാണ് പൂക്കുട്ടിയുടെ ഉദ്ദേശം. മേളം തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പുതന്നെ ഇലഞ്ഞിച്ചോട്ടില്‍ എത്തിയ റസൂല്‍പൂക്കുട്ടി മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങിയശേഷം റെക്കോഡിങ്ങിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. യുദ്ധത്തിന് തയ്യാറെടുത്ത് എത്തിയ ഭാവമായിരുന്നു അദ്ദേഹത്തിന്. മണ്ണിന്റെ ഗന്ധം ഉള്‍പ്പെടെയുള്ളവയും കാണികളുടെ വികാരങ്ങളും വേണ്ടിവന്നാല്‍ രേഖപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. മേളക്കാരുടെ ഇടയില്‍ നിലയുറപ്പിച്ച അദ്ദേഹം മേളത്തിനൊപ്പം ചുവടുവെച്ചും ഉയര്‍ന്നും താഴ്ന്നും എല്ലാം പകര്‍ത്തി. എട്ട് മൈക്കുകളുടെ പവര്‍ ഉള്ള സ്‌ക്കള്‍ മൈക്കാണ് ഇലഞ്ഞിത്തറ മേളം റെക്കഡിങ്ങിന് ഉപയോഗിച്ചത്. പൂരത്തിന് തലേന്നാള്‍ മുബൈയില്‍ നിന്നാണ് സ്‌ക്കള്‍ മൈക്ക് വരുത്തിയത്. പൂക്കുട്ടി തന്നെ ഡിസൈന്‍ ചെയ്ത ബൂമിംഗ് മൈക്ക് കൈയ്യില്‍ പിടിച്ചിരുന്നു. ഇലഞ്ഞിച്ചോട്ടില്‍ മറ്റ് രണ്ട് സഹായികളും റെക്കോഡിങ്ങിന് ഉണ്ടായിരുന്നു. ഇലഞ്ഞിപന്തലിന് പുറത്ത് 40 പേരടങ്ങുന്ന 30 യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. പൂരം പകര്‍ത്തുന്നതിന് 10 യൂണിറ്റുകളും 80 ടെക്‌നീഷ്യന്മാരും 35 ക്യാമറകളുമാണ് സജ്ജീകരിച്ചിരുന്നത്. മേളത്തിന് ശേഷം പെരുവനത്തിനെ അഭിനന്ദിച്ച് പൊന്നാട ചാര്‍ത്തിയ അദ്ദേഹത്തിനെ പെരുവനം തിരിച്ചും പൊന്നാട അണിയിച്ച് ആദരിച്ചു. ലോകത്തിന്റെ നെറുകയില്‍ മലയാളികളുടെ അഭിമാനമായി നിലകൊള്ളുന്ന കലാകാരനെ മനസ്സറിഞ്ഞ് അനുഗ്രഹിച്ചാണ് പെരുവനം കുട്ടന്‍ മാരാര്‍ യാത്രയാക്കിയത്.