തൃശൂര്‍: നവവധുവിനെ കാമുകന്‍ സിനിമാ സ്‌റ്റൈലില്‍ വന്ന് കാറില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയി. തൃശൂര്‍ ചെറുതുരുത്തിയിലാണ് സംഭവം. വിവാഹ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികളുടെ കാര്‍ കാമുകന്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഇതോടെ നവവധു ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി.

അയല്‍ക്കാരനും യൂബര്‍ ഡ്രൈവറുമായ യുവാവുമായി പെണ്‍കുട്ടി വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇത് എതിര്‍ത്താണ് വീട്ടുകാര്‍ യുവതിയുടെ വിവാഹം നടത്തിയത്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി പ്രവാസിയുമായുള്ള വിവാഹത്തിന് സമ്മതിച്ച പെണ്‍കുട്ടി കാമുകന്‍ വന്നുവിളിച്ചതോടെ കൂടെ പോകുകയായിരുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പെണ്‍കുട്ടി പോകാന്‍ തയ്യാറായത് സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്ന് ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി ഇരു കൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

പൊലീസ് സ്‌റ്റേഷനില്‍ വച്ചു നടന്ന മദ്ധ്യസ്ഥ ചര്‍ച്ചയില്‍ കാമുകനൊപ്പം പോകണമെന്ന് പെണ്‍കുട്ടി നിലപാട് സ്വീകരിച്ചു. പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ ഭര്‍ത്താവും വിസമ്മതിച്ചു. ഇതോടെ നഷ്ടപരിഹാരമായി പെണ്‍വീട്ടുകാര്‍ വരന് രണ്ടര ലക്ഷം രൂപ നല്‍കി. വിവാഹത്തോട് അനുബന്ധിച്ചാണ് പ്രവാസിയായ വരന്‍ നാട്ടിലെത്തിയത്.