തിരുവനന്തപുരം: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. ബിജെപി കൗണ്‍സിലര്‍മാര്‍ മേയര്‍ വികെ പ്രശാന്തിനെ കയ്യേറ്റം ചെയ്തു. ഹൈമാസറ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ യോഗമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യോഗത്തിനിടെ ബിജെപി-സിപിഎം അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് മേയറെ ബിജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയായിരുന്നു. സംഘര്‍ഷിത്തില്‍ പരിക്കേറ്റ മേയറെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമെന്നാണ് റിപോര്‍ട്ട്. സംഘര്‍ഷത്തിനിടെ കൗണ്‍സിലര്‍ റസിയാ ബീഗത്തിനും പരിക്കേറ്റിട്ടുണ്ട്.

എംപിമാരും എംഎല്‍എമാരും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതു താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ടു മേയര്‍ കത്തയച്ചിരുന്നു. ഇതു പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ പാര്‍ട്ടി നേതാവ് ഗിരികുമാര്‍ പ്രമേയം നല്‍കിയിരുന്നു. ഇതു നിയമവിരുദ്ധമാണെന്നും മേയര്‍ അയച്ച കത്ത് പിന്‍വലിക്കണമെന്ന് കൗണ്‍സിലര്‍ക്ക് ആവശ്യപ്പെടാന്‍ സാധിക്കില്ലെന്നും മേയര്‍ റൂളിങ് നല്‍കി. ഇതിനു പിന്നാലെ ബിജെപി പ്രതിഷേധവുമായി മേയറുടെ ചേംബറിലേക്ക് എത്തി. വിവിധ സ്റ്റാന്‍ഡിങ് കാര്യ കമ്മിറ്റികളുടെ വിഷയങ്ങള്‍ അവതരിപ്പിച്ചു പാസാക്കിയതിനു ശേഷം മേയര്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു. ഇതിനു ശേഷം ഓഫീസിലേക്കു പോയപ്പോഴാണു മേയറെ ബിജെപി കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്തത്.