Culture

തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ടുപേര്‍ മരിച്ചു

By chandrika

June 10, 2019

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ പൊട്ടിവീണ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ട് വഴിയാത്രക്കാര്‍ മരിച്ചു. ചാക്ക പുള്ളിലൈന്‍ സ്വദേശികളായ രാധാകൃഷ്ണന്‍, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. രാവിലെ ആറരയോടെയായിരുന്നു സംഭവം.

രാവിലെ ജോലിക്ക് പോകുമ്പോഴാണ് സംഭവമുണ്ടായത്. വെള്ളം കെട്ടി നിന്ന സ്ഥലത്തേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീണതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പത്ര വിതരണം നടത്തിയിരുന്ന കുട്ടിയാണ് രണ്ട് പേര്‍ ഷോക്കേറ്റ് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. ഷോക്കേറ്റ രണ്ട് പേരെയും ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

അതേസമയം, മരിച്ചവരുടെ കുടുംബത്തിന് കെഎസ്ഇബി അടിയന്തരമായി പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.