കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ നടന്‍ കൃഷ്ണകുമാറിന് സംരക്ഷണം വാഗ്ദാനം ചെയ്ത് വീരവാദം മുഴക്കിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ പരിഹസിച്ച് ട്രോളന്‍മാര്‍. കഴിഞ്ഞ ദിവസമാണ് കൃഷ്ണകുമാര്‍ മോദിയെ പുകഴ്ത്തി രംഗത്ത് വന്നത്. മോദി ഇന്ത്യയുടെ രക്ഷക്കെത്തിയ അവതാരമാണെന്നായിരുന്നു കൃഷ്ണകുമാറിന്റെ കണ്ടെത്തല്‍.

ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിന് സംരക്ഷണം വാഗ്ദാനം ചെയ്ത് കെ.സുരേന്ദ്രന്‍ രംഗത്തെത്തിയത്. കൃഷ്ണകുമാറിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുമെന്നായിരുന്നു സുരേന്ദ്രന്റെ വാഗ്ദാനം. ഇതിനെ പരിഹസിച്ചുകൊണ്ടാണ് വ്യാപകമായി ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്. ശബരിമല പ്രക്ഷോഭസമയത്ത് എടപ്പാള്‍ സ്റ്റേഷനില്‍ പിടിച്ചിട്ട പ്രവര്‍ത്തകരുടെ ബൈക്കുകള്‍ എടുത്തുകൊടുക്കാന്‍ കഴിയാത്ത നേതാവാണോ കൃഷ്ണകുമാറിനെ സംരക്ഷിക്കുന്നതെന്നായിരുന്നു ട്രോളന്‍മാരുടെ ചോദ്യം. നേരത്തെ അയ്യപ്പനെ സംരക്ഷിക്കുമെന്ന സുരേന്ദ്രന്റെ വാഗ്ദാനവും ട്രോളന്‍മാര്‍ ചര്‍ച്ചയാക്കി. വിവിധ ട്രോള്‍ ഗ്രൂപ്പുകളില്‍ നിരവധി ട്രോളുകളാണ് സുരേന്ദ്രന്റെ വീരവാദത്തെ പരിഹസിച്ച് പോസ്റ്റ് ചെയ്യപ്പെട്ടത്.