മുംബൈ: ടിആര്‍പി റേറ്റിങ് തട്ടിപ്പു നടത്തിയ ചാനലുകളില്‍ ഇന്ത്യ ടുഡേയും ഉള്‍പെട്ടതായി റിപ്പോര്‍ട്ട്. നരത്തെ റിപ്പബ്ലിക് ടിവി, ഫക്ത് മറാതി, ബോക്‌സ് സിനിമ എന്നീ മൂന്ന് ചാനലുകള്‍ റേറ്റിങില്‍ കൃത്രിമം കാണിച്ചുവെന്ന് പുറത്തു വന്നിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് ഇന്ത്യാ ടുഡേ അടക്കമുള്ള സ്ഥാപങ്ങളെ ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ ഇന്ത്യാ ടുഡേക്കെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്നും പരാതി ഉദ്ധരിച്ചുള്ള പരാമര്‍ശമാണെന്നും മുംബൈ പൊലീസ് പറയുന്നു.

അതേസമയം റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിയെ ഇന്ന് മുംബൈ പൊലീസ് ചോദ്യം ചെയ്‌തേക്കും. റേറ്റിങ്ങില്‍ കൃത്രിമത്വം കാണിച്ചതായി തെളിഞ്ഞാല്‍ ഈ ചാനലുകളുടെയെല്ലാം ആസ്തി മരവിപ്പിക്കാന്‍ പോലും കഴിയുമെന്നിരിക്കെ, വലിയ ചര്‍ച്ചകളിലേക്കാണ് ഈ കേസ് വഴിവക്കുക.

”ഇന്ത്യാ ടുഡേ ടിവിയുടെ പേര് പരാമര്‍ശിക്കുന്നത്, പരാതി പ്രകാരമാണ്. എന്നാല്‍ അന്വേഷണം മുന്നോട്ടുപോയ ഘട്ടത്തില്‍ ബാര്‍കോ, മറ്റ് സാക്ഷികളോ, ആരോപണവിധേയരോ ഇന്ത്യാ ടുഡേ ടിവിയുടെ പേര് പറഞ്ഞിട്ടില്ല. ഇന്ത്യാ ടുഡേക്ക് എതിരെ ഇതുവരെ തെളിവ് കിട്ടിയിട്ടില്ല. റിപ്പബ്ലിക് ടിവിക്കും മറാത്തി ചാനലുകള്‍ക്കും എതിരെ അന്വേഷണം ഊര്‍ജിതമായി മുന്നോട്ടുപോവുകയാണ്”, എന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിങ് പറഞ്ഞു.

റേറ്റിങ് കണക്കാക്കി ഗാര്‍ഹിക ഉപഭോക്താക്കളുടെ ഡാറ്റ ഉപയോഗിക്കുകയും ഇതില്‍ കൃത്രിമത്വം കാണിച്ച് നിയമവിരുദ്ധമായി പരസ്യവരുമാനം നേടിയെടുക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പബ്ലിക് ടിവി അടക്കം മറ്റു മൂന്നു ചാനലുകള്‍ക്കെതിരയുള്ള കണ്ടെത്തല്‍.

അതേസമയം കേസ് അന്വേഷണത്തിന്റെ ഭാഗമായി റിപ്പബ്ലിക് ടിവിയിലുള്ളവരെ ഇന്നോ നാളെയോ പൊലീസ് ചോദ്യം ചെയ്യും. റേറ്റിങ്ങില്‍ കൃത്വിമത്വം കാണിച്ച് അധിക പരസ്യ വരുമാനങ്ങളും നേടിയിട്ടുണ്ട്. ഇതും അന്വേഷിക്കും. റിപ്പബ്ലിക് ചാനലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും. കുറ്റകൃത്യം നടന്നുവെന്ന് വ്യക്തമായാല്‍ ചാനലിന്റെ ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിക്കുന്നതടക്കമുള്ള കടുത്ത നടപടികളുണ്ടാകുമെന്ന് മുംബൈ പോലീസ് മേധാവി പരമവീര്‍ സിംഗ് വ്യക്തമാക്കി. രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.