അമേരിക്കയെ ഇരുട്ടിലാഴ്ത്തി സമ്പൂര്‍ണ സൂര്യഗ്രഹണം. അമേരിക്ക രൂപീകരിക്കപ്പെട്ടതിനുശേഷമുള്ള ആദ്യത്തെ ഏറ്റവും വലിയ സമ്പൂര്‍ണ സൂര്യഗ്രഹണമാണ് തിങ്കളാഴ്ച ദൃശ്യമായത്. സൂര്യഗ്രഹണം കാണാന്‍ യു.എസില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരിക്കിയിരുന്നു. ഗ്രഹണത്തെ തുടര്‍ന്ന് 14 സംസ്ഥാനങ്ങള്‍ പൂര്‍ണമായും ഇരുട്ടിലായി. അമേരിക്കയിലുടനീളം അന്തരീക്ഷ മര്‍ദം താഴ്ന്നു. ചില ഭാഗങ്ങളില്‍ ഭാഗികമായും സൂര്യഗ്രഹണം ദൃശ്യമായി. നാസയും മറ്റും സൂര്യഗ്രഹണത്തിന്റെ തത്സമയ സംപ്രേഷണം പുറത്തുവിട്ടിരുന്നു. 1776നു ശേഷം അമേരിക്കയില്‍ ദൃശ്യമാകുന്ന ആദ്യ പൂര്‍ണ സൂര്യഗ്രഹണമാണിത്. നഗ്നനേത്രങ്ങള്‍കൊണ്ട് സൂര്യനെ നോക്കരുതെന്ന ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാലിച്ചില്ല. വൈറ്റ്ഹൗസിലെ ബാല്‍ക്കണിയില്‍ പത്‌നി മെലാനിയ ട്രംപിനോടും മകന്‍ ബാരന്‍ ട്രംപിനോടുമൊപ്പം പ്രത്യക്ഷപ്പെട്ട ട്രംപ് കൂസലൊന്നുമില്ലാതെ നഗ്നനേത്രംകൊണ്ട് സൂര്യനെ വീക്ഷിക്കുകയായിരുന്നു. സ്‌പെഷ്യല്‍ ഗ്ലാസുകള്‍ ഇല്ലാതെ നോക്കരുതെന്ന് ചൂണ്ടിക്കാട്ടി വൈറ്റ്ഹൗസ് ജീവനക്കാര്‍ ട്രംപിനെ തടഞ്ഞെങ്കിലും അദ്ദേഹം വീണ്ടും നഗ്നനേത്രങ്ങള്‍ കൊണ്ട് തന്നെ സൂര്യനിലേക്ക് നോക്കി. പിന്നീട് ജീവനക്കാര്‍ നല്‍കിയ സണ്‍ഗ്ലാസ് വെച്ചും സൂര്യഗ്രഹണം വീക്ഷിച്ചു. മുന്നറിയിപ്പുകള്‍ ലംഘിച്ച് സൂര്യഗ്രഹണത്തെ വീക്ഷിച്ച ട്രംപിനെ യു.എസ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും പരിഹസിച്ചു. ന്യൂയോര്‍ക്കില്‍നിന്നുള്ള ഡെയ്‌ലി ന്യൂസ് പത്രത്തിന്റെ ആദ്യ പേജില്‍ തന്നെ ട്രംപിനെ പരിഹസിച്ച് വാര്‍ത്തനല്‍കി.