വാഷിങ്ടണ്‍: റഷ്യക്കെതിരെ പുതിയ ഉപരോധങ്ങളേര്‍പ്പെടുത്തുന്ന ബില്ലില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മനസ്സില്ലാമനസ്സോടെ ഒപ്പുവെച്ചു. റഷ്യയുമായുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ കൊതിക്കുന്ന ട്രംപിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി കഴിഞ്ഞയാഴ്ച യു.എസ് കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെയാണ് ബില്‍ അംഗീകരിച്ചിരുന്നത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിന്റെ പേരില്‍ പ്രതിക്കൂട്ടില്‍നില്‍ക്കുന്ന ട്രംപിന് ബില്ലില്‍ ഒപ്പുവെക്കുകയല്ലാതെ മറ്റു പോംവഴിയുണ്ടായിരുന്നില്ല. വിദേശകാര്യ നയം രൂപപ്പെടുത്തുന്നതില്‍ പ്രസിഡന്റിന്റെ അധികാരത്തെ വെട്ടിക്കുറക്കുന്ന ബില്ലിനെ ട്രംപ് നേരത്തെ വിമര്‍ശിച്ചിരുന്നു. യു.എസ് കോണ്‍ഗ്രസിനു കഴിയുന്നതിനെക്കാള്‍ മികച്ച വിദേശ കരാറുകളുണ്ടാക്കാന്‍ തനിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഏതെങ്കിലും രാജ്യത്തിനെതിരെയുള്ള ഉപരോധത്തില്‍ മാറ്റംവരുത്താന്‍ പാടില്ലെന്ന് ബില്ലില്‍ വ്യക്തമായി നിര്‍ദേശിക്കുന്നുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടതിനും ഉക്രൈനിലെ ക്രീമിയ പിടിച്ചെടുത്തതിനും റഷ്യയെ ശിക്ഷിക്കാനാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ് ബില്‍ പാസാക്കിയത്. റഷ്യയോടൊപ്പം ഇറാന്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ക്കെതിരെയും ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം യു.എസ് ഉപരോധങ്ങളെ റഷ്യ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സമ്പൂര്‍ണ വ്യാപാര യുദ്ധമായാണ് അമേരിക്കയുടെ ഉപരോധ പ്രഖ്യാപനങ്ങളെന്ന് പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ് പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ ബലഹീനതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. അമേരിക്കയിലെ പുതിയ ഭരണകൂടവുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷ അസ്തമിച്ചതായും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. റഷ്യക്കെതിരെയുള്ള ഉപരോധങ്ങളില്‍ ഇളവുവരുത്താനുള്ള ട്രംപിന്റെ ഏത് നീക്കത്തെയും തടയാന്‍ പുതിയ നിയമം കോണ്‍ഗ്രസിന് അധികാരം നല്‍കുന്നുണ്ട്. ഉത്തരകൊറിയയേയും റഷ്യയേയും ഇറാനെയും ശിക്ഷിക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിനോട് എതിര്‍പ്പില്ലെങ്കിലും ഈ നിയമം ന്യൂനതകള്‍ നിറഞ്ഞതാണെന്ന് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
റഷ്യക്കെതിരെയുള്ള ഉപരോധങ്ങള്‍ യൂറോപ്യന്‍ യൂണിയനെയും ചൊടിപ്പിച്ചിട്ടുണ്ട്. നിയമത്തിലെ പല നിര്‍ദേശങ്ങളും റഷ്യന്‍ ഊര്‍ജ മേഖലയെ ലക്ഷ്യമിട്ടുള്ളതാണ്. റഷ്യന്‍ കമ്പനികളില്‍ നിക്ഷേപത്തിന് വിലക്കേര്‍പ്പെടുത്തുന്ന നിയമം യൂറോപ്പിന്റെ ഊര്‍ജ സുരക്ഷക്ക് കോട്ടം വരുത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പറയുന്നു.