X

അമേരിക്കയെ ഭീഷണിപ്പെടുത്തിയാല്‍ ഉത്തരകൊറിയയെ തകര്‍ക്കും: ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കയെ ഭീഷണിപ്പെടുത്തിയാല്‍ ഉത്തരകൊറിയയെ തകര്‍ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റോക്കറ്റ് മനുഷ്യനായ കിം ജോങ് ഉന്‍ ആത്മഹത്യയിലേക്കാണ് നീങ്ങുന്നതെന്നും യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയയും ഇറാനും തെമ്മാടി രാജ്യങ്ങളാണെന്നും ട്രംപ് അധിക്ഷേപിച്ചു.

അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും ഭീഷണിയായാല്‍ ഉത്തരകൊറിയയെ തകര്‍ക്കുകയല്ലാതെ മറ്റൊരു വഴി തനിക്കുമുമ്പില്‍ ഉണ്ടാവില്ലെന്നും ലോകനേതാക്കളെ സാക്ഷിനിര്‍ത്തിക്കൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചു. ശത്രുതാപരമായ പെരുമാറ്റത്തില്‍ മാറ്റം വരുത്തുന്നതുവരെ കിം ഭരണകൂടത്തെ ഒറ്റപ്പെടുത്താന്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്ന് ട്രംപ് യു.എന്‍ അംഗരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. പശ്ചിമേഷ്യയില്‍ അസ്ഥിരത സൃഷ്ടിക്കുന്ന കളങ്കപൂര്‍ണമായ സ്വേച്ഛാധിപത്യ രാജ്യമാണ് ഇറാനെന്ന് ട്രംപ് കുറ്റപ്പെടുത്തി.

അക്രമം കയറ്റുമതി ചെയ്യുന്ന തെമ്മാടി രാജ്യമാണ് ഇറാന്‍. എല്ലാറ്റിനെക്കാളും ഉപരി അമേരിക്കയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഞാന്‍ മുഖ്യ പരിഗണന നല്‍കുന്നത്. മുന്‍ഗാമി ഒപ്പുവെച്ചതുകൊണ്ട് മാത്രം ഇറാനുമായുള്ള ആണവ കരാര്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെനസ്വേലയേയും ട്രംപ് പ്രസംഗത്തില്‍ കടന്നാക്രമിച്ചു. വെനസ്വേലയിലെ സ്ഥിതിഗതികള്‍ അംഗീകരിക്കാനാവില്ലെന്നും കാഴ്ചക്കാരനായി നില്‍ക്കാന്‍ അമേരിക്കക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം അന്താരാഷ്ട്ര സമൂഹത്തിന്റെ കര്‍ശന ഉപരോധങ്ങള്‍ ആണവായുധ പദ്ധതിക്ക് ഉത്തേജനം പകരുമെന്ന് ഉത്തരകൊറിയ. അമേരിക്കയും അവരുടെ ദാസ്യ രാജ്യങ്ങളും പുതിയ ഉപരോധങ്ങള്‍ ചുമത്തിയതും സമ്മര്‍ദ്ദം ശക്തമാക്കിയതും സമ്പൂര്‍ണ ആണവ രാജ്യമെന്ന ലക്ഷ്യത്തിലേക്കുള്ള തങ്ങളുടെ കുതിപ്പിന് ഊര്‍ജം നല്‍കുമെന്ന് ഉത്തരകൊറിയന്‍ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ആറാം തവണയും ആണവ പരീക്ഷണം നടത്തിയ ഉത്തരകൊറിയക്കെതിരെ യു.എന്‍ രക്ഷാസമിതി പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സാമ്പത്തിക സ്രോതസ്സ് അടക്കുകയെന്ന ലക്ഷ്യത്തോടെ ടെക്‌സ്‌റ്റൈയില്‍ കയറ്റുമതി നിരോധിക്കുകയും വിദേശത്തുള്ള ജോലിക്കാര്‍ക്ക് ജോലി നിഷേധിക്കുകയും എണ്ണ വിതരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്യുന്ന ഉപരോധങ്ങള്‍ ഉത്തരകൊറിയയെ കൂടുതല്‍ പ്രകോപിപ്പിച്ചിരിക്കുകയാണ്. ജപ്പാനു മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ പറത്തിയാണ് അവര്‍ അതിന് ആദ്യം മറുപടി നല്‍കിയത്.

ഉത്തരകൊറിയയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ അമേരിക്ക് ഭയമുണ്ട്. ഉത്തരകൊറിയയുടെ മിസൈലുകള്‍ അമേരിക്കക്ക് നേരിട്ട് ഭീഷണി സൃഷ്ടിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മിസൈല്‍ വിക്ഷേപണത്തിന്റെ ഗൗരവം കുറച്ചു കാണിക്കാനാണ് യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് കഴിഞ്ഞ ദിവസം ശ്രമിച്ചത്.

അമേരിക്കയുടെ സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണകൊറിയക്കും ഉത്തരകൊറിയയുടെ മിസൈല്‍ പദ്ധതി കടുത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനെ ഫോണില്‍ വിളിച്ച് ഉത്തരകൊറിയയുടെ ധിക്കാര നടപടികള്‍ ചര്‍ച്ച ചെയ്തതായി വൈറ്റ്ഹൗസ് അറിയിച്ചു.

 

chandrika: