അങ്കാറ: അമേരിക്കന്‍ എതിര്‍പ്പുകള്‍ക്കിടയിലും റഷ്യയില്‍ നി്ന്നും അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 മിസൈല്‍ സംവിധാനം വാങ്ങാനുള്ള നീക്കവുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
സൈനിക ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് ഉര്‍ദുഗാന്‍ മിസൈല്‍ പ്രതിരോധ സംവിധാനം എത്രയും പെട്ടെന്ന് വാങ്ങുമെന്ന് വ്യക്തമാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും അതിനൂതന മിസൈല്‍ പ്രതിരോധ സംവിധാനമായാണ് റഷ്യയുടെ എസ്-400 സംവിധാനം അറിയപ്പെടുന്നത്. 400 കിലോ മീറ്റര്‍ പരിധിയില്‍ ഒന്നിലധികം വ്യോമ ടാര്‍ഗറ്റുകളിലെത്താന്‍ ഇതിന് കഴിയും. അതേ സമയം റഷ്യയില്‍ നിന്നും മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള തുര്‍ക്കിയുടെ നീക്കത്തെ സംശയത്തോടെയാണ് നാറ്റോയും നോക്കിക്കാണുന്നത്. തുര്‍ക്കിക്ക് എസ് -400 മിസൈലുകള്‍ 2019ല്‍ നല്‍കുമെന്ന് റഷ്യ ഈയിടെ വ്യക്തമാക്കിയിരുന്നു. തുര്‍ക്കിയും നാറ്റോ രാജ്യങ്ങളും തമ്മിലുള്ള വിള്ളല്‍ കൂടുതല്‍ വര്‍ധിപ്പിക്കാന്‍ റഷ്യയില്‍ നിന്നുള്ള മിസൈല്‍ കാരണമാകുമെന്ന് നിരീക്ഷകര്‍ പറയുന്നു.
ഇതുവരെ നാറ്റോയുടെ പാട്രിയറ്റ് സംവിധാനമാണ് വ്യോമ പ്രതിരോധത്തിനായി തുര്‍ക്കി ഉപയോഗിക്കുന്നത്. സിറിയയില്‍ നിന്നും മറ്റ് അയല്‍ രാജ്യങ്ങളില്‍ നിന്നുമുള്ള വ്യോമാക്രമണം ചെറുക്കുന്നതിനായി മിസൈല്‍ പ്രതിരോധ സംവിധാനം 2012ല്‍ തന്നെ നാറ്റോയോട് തുര്‍ക്കി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നാറ്റോ അംഗ രാജ്യങ്ങള്‍ നിരവധി മിസൈല്‍ സംവിധാനങ്ങള്‍ തുര്‍ക്കിക്ക് പ്രതിരോധ ആവശ്യത്തിനായി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ ഏറിയ പങ്കും 2015ല്‍ പിന്‍വലിക്കുകയും ചെയ്തു.
മിസൈല്‍ പ്രതിരോധ സംവിധാനം റഷ്യയില്‍ നിന്നും വാങ്ങിയാല്‍ ഇന്ത്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് തുര്‍ക്കിയുടെ തീരുമാനമെന്നതും ശ്രദ്ധേയമാണ്. റഷ്യയില്‍ നിന്നും എസ് -400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നതിനായി ചൈന, സഊദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ഇതിനോടകം പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്. അമേരിക്കയില്‍ നിന്നും എഫ്-35 സ്റ്റെല്‍ത് ഫൈറ്റര്‍ ജെറ്റ് വിമാനം വാങ്ങാനും തുര്‍ക്കി ഇതിനോടൊപ്പം ആലോചിച്ചിരുന്നു.
എന്നാല്‍ അമേരിക്കയുമായുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ അമേരിക്കയില്‍ നിന്നും ഇത് ലഭ്യമായില്ലെങ്കില്‍ മറ്റു രാജ്യങ്ങളെ സമീപിക്കുമെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കിയിട്ടുണ്ട്.