ഭോപാല്‍: രണ്ടായിരത്തിന്റെ വ്യാജ നോട്ടുമായി രണ്ട് പേരെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് രണ്ട് ലക്ഷം വരുന്ന രണ്ടായിരത്തിന്റെ വ്യാജനോട്ടുകള്‍ പിടിച്ചെടുത്തു. ഈ മാസം ഇത് രണ്ടാം തവണയാണ് മധ്യപ്രദേശില്‍ നിന്ന് വ്യാജനോട്ടുകള്‍ പിടിച്ചെടുക്കുന്നത്. ഛതര്‍പൂര്‍ ജില്ലയിലെ ലവ്കുശ്‌നഗര്‍ ഏരിയയില്‍ നിന്നാണ് കള്ളനോട്ട് സംഘത്തെ പിടികൂടിയത്. കളര്‍പ്രിന്റര്‍ ഉപയോഗിച്ചാണ് ഇവര്‍ നോട്ടുകള്‍ അച്ചടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഘത്തെ ചോദ്യം ചെയ്തുവരികയാണ്.

ഡിസംബര്‍ 18നും മധ്യപ്രദേശിലെ ഷാഹ്‌ദോല്‍ ജില്ലയിലെ ബുര്‍ഹാന്‍ പട്ടണത്തില്‍ നിന്നും വ്യാജനോട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. പെട്രോള്‍ പമ്പിലൂടെ നോട്ടുകള്‍ വിറ്റഴിക്കാനാണ് സംഘം പദ്ധതിയിട്ടിരുന്നത്. സംശയം തോന്നിയ പെട്രോള്‍ ജീവനക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് സംഘത്തെ പൊക്കിയത്.