കോട്ടയം: പൂഞ്ഞാറില്‍ മീനച്ചിലാറ്റില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കുമരനല്ലൂര്‍ സ്വദേശികളായ മുഹമ്മദ് റിയാസ്, ക്രിസ്റ്റവര്‍ എന്നിവരാണ് മരിച്ചത്. ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ രക്ഷപ്പെട്ടു. മീനച്ചിലാറ്റിലെ ഉറവക്കയം ഭാഗത്താണ് അപകടമുണ്ടായത്. കോട്ടയത്തു നിന്ന് അവധി ആഘോഷത്തിന്റെ ഭാഗമായി പൂഞ്ഞാറിലെത്തിയതായിരുന്നു കുട്ടികള്‍. ആഴമേറിയ ഭാഗമായതിനാല്‍ പുറത്തു നിന്നുള്ളവര്‍ എത്തിയാല്‍ നാട്ടുകാര്‍ തടയാറുണ്ടായിരുന്നു. എന്നാല്‍ നാട്ടുകാരുടെ കണ്ണുവെട്ടിച്ചാണ് കുട്ടികള്‍ ഇവിടെയെത്തിയത്. ഒരാള്‍ വെള്ളത്തിലേക്ക് കാല്‍ വഴുതി വീണപ്പോള്‍ മറ്റേയാള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും ഒഴുക്കിപ്പെടുകയായിരുന്നു. മൃതദേഹങ്ങള്‍ ഈരാറ്റുപേട്ട സ്വകാര്യ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ബന്ധുക്കള്‍ വിട്ടു നല്‍കും.