അബുദാബി: റാസല്‍ഖൈമയില്‍ യുവതിയെ പൊതുജനമധ്യത്തില്‍ അപമാനിച്ച മൂന്ന് യുവാക്കള്‍ക്ക് ഒരു ലക്ഷം രൂപ വീതം പിഴ ശിക്ഷ. നടുറോഡില്‍ കാല്‍നട യാത്രക്കാരിയായ യുവതിയെ കാറില്‍വന്ന യുവാക്കളാണ് അപമാനിച്ചത്. യുവാക്കളില്‍ ഒരാള്‍ തന്നോട് വളരെ മോശമായ ഭാഷയില്‍ സംസാരിച്ചതായും റാസല്‍ഖൈമ പൊലീസിന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു.

കേസെടുത്ത് അന്വേഷണം ആരംഭിച്ച റാസല്‍ഖൈമ പൊലീസ് മൂന്നുപേരെയും അറസ്റ്റുചെയ്തു. പിന്നീട് ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വിചാരണയ്‌ക്കൊടുവില്‍ റാസല്‍ഖൈമ കോടതിയാണ് പ്രതികള്‍ക്ക് പിഴശിക്ഷ വിധിച്ചത്. സംഭവത്തില്‍ രണ്ടു പ്രതികളെ അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും ശിക്ഷ ശരിവെക്കുകയായിരുന്നു.

യുവതി റാസല്‍ഖൈമ സിവില്‍ കോടതിയില്‍ പ്രതികള്‍ക്കെതിരെ മാനഹാനിക്ക് നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. നടുറോഡില്‍വെച്ച് പ്രതികളായ മൂന്നുപേര്‍ ചേര്‍ന്ന് തന്നെ പരസ്യമായി അപമാനിച്ചതായി യുവതി പറയുന്നു. 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്.

എന്നാല്‍ റാസ് അല്‍ ഖൈമ ക്രിമിനല്‍ കോടതിയുടെ വിധി ചൂണ്ടിക്കാട്ടി താല്‍ക്കാലികമായി കേസ് നിര്‍ത്തിവെക്കുകയാണ് സിവില്‍ കോടതി ചെയ്തത്. കേസ് വിശദമായി വാദം കേള്‍ക്കുന്നതിനുവേണ്ടി മാറ്റിവെച്ചു.