അബുദാബി: വിവിധ ഭൂഖണ്ഡങ്ങളിലെ 80 രാജ്യങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ച് അബുദാബി ഡവലപ്‌മെന്റ് ഫണ്ട് ലോക രാജ്യങ്ങളുടെ ശ്രദ്ധ നേടി. വിവിധ രാജ്യങ്ങളുടെ അടിയന്തിര-അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ചു കൊണ്ടാണ് എഡിഎഫ്ഡി ശ്രദ്ധേയമായി മാറിയത്. ഊര്‍ജം, ആരോഗ്യം, ഗതാഗതം, നിര്‍മാണം, കാര്‍ഷികം,വ്യവസായം, ഭവന നിര്‍മാണം, ജലം, വൈദ്യുതി തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും സാമ്പത്തിക പിന്തുണ നല്‍കി പ്രവര്‍ത്തിച്ചു വരുന്നത്.

ബഹ്‌റൈന്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യ, പാകിസ്താന്‍, ബംഗ്‌ളാദേശ്, ശ്രീലങ്ക തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളും തങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ അബുദാബിയുടെ ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്. നിരവധി അറബ്-അറബേതര രാജ്യങ്ങള്‍ക്കും പരമാവധി തുക നല്‍കി പൊതുജന നന്മയില്‍ പങ്കാളികളാവാന്‍ ക ഴിഞ്ഞിട്ടുണ്ട്. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ പ്രവര്‍ത്തിക്കുന്ന കിംഗ് ഹുസൈന്‍ മെഡിക്കല്‍ സിറ്റിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി 735 ദശലക്ഷം ദിര്‍ഹം നല്‍കി ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പ്രഖ്യാപനം നടത്തിയത്.
മെഡിക്കല്‍ സിറ്റിയുടെ പ്രഥമ ഘട്ട വികസന പ്രവര്‍ത്തനങ്ങളിലൂടെ 940 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തുകയാണ്. ഒപ്പം, 1200 രോഗികള്‍ക്ക് ദിനംപ്രതി ചികിത്സ നല്‍കാനുള്ള സൗകര്യവും ഇവിടെ ഉണ്ടാകും. അബുദാബി ഫണ്ട് ഫോര്‍ ഡവലപ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സുവൈദി അമ്മാനില്‍ നടന്ന ചടങ്ങില്‍ ജോര്‍ദാന്‍ പ്‌ളാനിംഗ്-ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ മന്ത്രി ഇമാദ് ഫഖൂറി, യുഎഇ അംബാസഡര്‍ ബിലാല്‍ അല്‍ബദൂര്‍ എന്നിവരുടെയും നിരവധി ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ നാലു പതിറ്റാണ്ട് കാലമായി യുഎഇ ജോര്‍ദാനുമായി മികച്ച ബന്ധമാണ് പുലര്‍ത്തി വരുന്നതെന്ന് അല്‍ സുവൈദി വ്യക്തമാക്കി. യുഎഇയുടെ സാമ്പത്തിക പിന്തുണയോടെ ജോര്‍ദാനില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കുഫ്രഞ്ച ഡാം ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് നടന്നത്. യുഎഇ യുടെ 103 ദശലക്ഷം ദിര്‍ഹം ഉള്‍പ്പെടെ ഗള്‍ഫ് ഡെവലപ്‌മെന്റ് ഫണ്ട് മൊത്തം 4.6 ബില്യന്‍ ദിര്‍ഹമാണ് ഇതിനായി ചെലവഴിച്ചത്. 7.8 ദശലക്ഷം വെള്ളം സംഭരണ ശേഷിയുള്ള കുഫ്രഞ്ച ഡാം ജോര്‍ദാന്റെ കുടിവെള്ള പദ്ധതിക്കും കാര്‍ഷിക മേഖലക്കും വലിയ മുതല്‍കൂട്ടായാണ് വിലയിരുത്തപ്പെടുന്നത്. ഇതു വരെയായി ജോര്‍ദാനിലെ 31 പദ്ധതികളില്‍ അബുദാബി ഡെവലപ്‌മെന്റ് ഫണ്ട് പങ്കാളിയായിട്ടുണ്ട്. 5.7 ബില്യന്‍ ദിര്‍ഹമാണ് വിവിധ പദ്ധതികള്‍ക്കായി ചെലവിട്ടത്.
തങ്ങളുടെ രാജ്യത്തിന്റെ പുരോഗതിയിലും ജീവിത നിലവാരം ഉയര്‍ത്തുന്നതിലും യുഎഇയുടെ ഇത്തരം സഹകരണങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ജോര്‍ദാന്‍ വിലയിരുത്തി.
അമ്മാന്‍ നഗരത്തില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക്, വിശിഷ്യാ അയല്‍ രാജ്യങ്ങളിലേക്കും ഗള്‍ഫ് നാടുകളിലേക്കുമുള്ള ഗതാഗതം സുഗമമാക്കുന്നതിലും അബുദാബിയുടെ സാമ്പത്തിക സഹകരണം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ജോര്‍സാനില്‍ നിന്നുള്ള കാര്‍ഷിക വിളകള്‍ സുഗമമായി ഗള്‍ഫ് നാടുകളിലെത്തിക്കാന്‍ ഇത്തരം പദ്ധതികള്‍ ഏറെ ഗുണകരമായിട്ടുണ്ട്.
വികസിത രാജ്യങ്ങളിലെ വിവിധ ഊര്‍ജ പദ്ധതികള്‍ക്ക് അബുദാബി ഫണ്ടിന്റെ കാര്യമായ സഹായമുണ്ടാകുന്നുണ്ട്. വിവിധ രാജ്യങ്ങളുടെ വികസനവും സാമ്പത്തിക മുന്നേറ്റവും കരഗതമാവുകയും തൊഴില്‍ മേഖലകളില്‍ നിരവധി പേര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.