റസാഖ് ഒരുമനയൂര്‍

അബുദാബി: പൊതുസ്ഥലങ്ങളിലും പാര്‍ക്കിംഗുകളിലും ദീര്‍ഘകാലമായി നിര്‍ത്തിയിട്ട 75 വാഹന ഉടമകള്‍ക്കു കൂടി അബുദാബി നഗരസഭ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ മാസങ്ങളില്‍ നഗരസഭ നിരവധി വാഹനങ്ങള്‍ കണ്ടു കെട്ടുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.
ഇത്തരത്തില്‍ കണ്ടു കെട്ടുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും വാഹനങ്ങള്‍ നിര്‍ത്തിയിട്ട് സ്വദേശത്തേക്ക് പോകുന്നവരുടേതാണ്. ഇവരില്‍ പലരും വിവിധ കാരണങ്ങളാല്‍ തിരിച്ചു വരാത്തവരുമാണെന്നാണ് അനുമാനിക്കുന്നത്.

അബുദാബി മുനിസിപ്പാലിറ്റി ആന്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റും മവാഖിഫുമാണ് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഇത്തരം വാഹനങ്ങള്‍ക്കായി പരിശോധന നടത്തുന്നത്. പൊതുജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യങ്ങള്‍, ആരോഗ്യത്തിന് ഹാനികരം, നഗരഭംഗിക്ക് കോട്ടം തട്ടിക്കല്‍, പാര്‍ക്കിംഗുകളും മറ്റും ദുരുപയോഗം ചെയ്യല്‍ എന്നിവയെല്ലാം ദീര്‍ഘകാലം ഇത്തരം വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിലൂടെ ഉണ്ടാകുന്നുണ്ട്. വാഹനം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ നോട്ടീസ് പതിക്കുകയാണ് ആദ്യ പടിയായി ചെയ്യുന്നത്. നേരത്തെ, 14 ദിവസത്തെ സമയം അനുവദിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ നോട്ടീസ് പതിച്ച് മൂന്ന് ദിവസത്തിനകം നീക്കം ചെയ്യണമെന്നാണ് വ്യവസ്ഥ.

 
നിശ്ചിത സമയ പരിധി കഴിഞ്ഞിട്ടും നീക്കം ചെയ്യാത്ത വാഹനങ്ങള്‍ നഗരസഭാ അധികൃതര്‍ നേരിട്ടെത്തി കണ്ടു കെട്ടും. പിന്നീട് പിഴ അടച്ച ശേഷം മാത്രമേ വാഹനം വിട്ടുനല്‍കുകയുള്ളൂ. 3,000 ദിര്‍ഹമാണ് ഇത്തരക്കാര്‍ക്ക് പിഴ ഈടാക്കുന്നത്. കൂടാതെ, വാഹനം അധികൃതര്‍ കണ്ടു കെട്ടിയതു മുതല്‍ ഓരോ ദിവസത്തേക്കും പ്രത്യേക നിരക്ക് വേറെയും നല്‍കണം. എന്നാല്‍, പിഴയടക്കുന്നതില്‍ 50 ശതമാനം കിഴിവ് അനുവദിക്കുന്നുണ്ട്. തൊഴില്‍ നഷ്ടപ്പെട്ടും സാമ്പത്തിക ബാധ്യതകളില്‍ കുടുങ്ങിയും സ്വദേശത്തേക്ക് പോകാന്‍ നിര്‍ബന്ധിതരായ പലരും ഇത്തരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു പോകുന്നതായാണ് അറിയുന്നത്.