അബുദാബി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന തൊഴില്‍ വിസകള്‍ വീണ്ടും ഇഷ്യൂ ചെയ്യാന്‍ ആരംഭിച്ച് യുഎഇ. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ മേഖലകള്‍, വീട്ടുജോലിക്കാര്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റുകള്‍ എന്നിവയാണ് പുനഃരാരംഭിച്ചത് എന്ന് എമിറേറ്റ്‌സ് വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്യുന്നു.

നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയുമായി ചേര്‍ന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് (ഐസിഎ) ആണ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. ഔദ്യോഗിക സംവിധാനങ്ങള്‍ വഴി മാത്രമേ എന്‍ട്രി പെര്‍മിറ്റുകള്‍ അനുവദിക്കൂ എന്ന് ഐസിഎ വ്യക്തമാക്കി.

കോവിഡുമായി ബന്ധപ്പെട്ട എല്ലാ മാനദണ്ഡങ്ങളും രാജ്യത്ത് എത്തുന്നവര്‍ക്ക് ബാധകമാണ്. 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. നിയമവിധേയമായ വിസയുള്ള എല്ലാ രാഷ്ട്രങ്ങളിലെ വീട്ടുജോലിക്കാര്‍ക്കും രാജ്യത്തെത്താമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതിനിടെ, രാജ്യത്ത് താമസ രേഖകള്‍ നിയമവിധേയമാക്കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നല്‍കിയ രണ്ടാം അവസരത്തിന്റെ സമയമാണ് അവസാനിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് സമയപരിധി നീട്ടിയിരുന്നത്. രാജ്യത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ www.ica.gov.ae വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.