കാര്‍ഡിഫ്: മിലേനിയം സ്റ്റേഡിയത്തില്‍ നാളെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത് സ്പാനിഷ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്തസും തമ്മിലാണ്. വിജയിക്കുന്നവര്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബാവാം. പക്ഷേ മല്‍സരത്തിന്റെ ഗതി നിയന്ത്രിക്കാന്‍ പോവുന്നത് രണ്ട് ബ്രസീലുകാരാണ്. ലോക ഫുട്‌ബോളിലെ മഞ്ഞ സൗന്ദര്യത്തിന് പ്രതിരോധത്തിന്റെ ശക്തിശോഭ സമ്മാനിക്കുന്ന മാര്‍സിലോയും ഡാനി ആല്‍വസും. റയലിന്റെ വിജയയാത്രയില്‍ അവരുടെ ഫുള്‍ബാക്കും അറ്റാക്കിംഗ് വിംഗറുമായി കളിക്കുന്ന മാര്‍സിലോയുടെ സ്ഥാനം വലുതാണ്. ബാര്‍സിലോണയെ പോലെ അതിശക്തരെ വീഴ്ത്തി യുവന്തസിനെ കലാശപ്പോരാട്ടത്തിന് യോഗ്യരാക്കിയതിന് പിറകില്‍ അവരുടെ ഫുള്‍ബാക്ക് ഡാനി ആല്‍വസിന്റെ സ്ഥാനവും ചെറുതല്ല. ബ്രസീല്‍ ദേശീയ സംഘത്തിന്റെ പിന്‍നിരയില്‍ ജാഗ്രത പാലിക്കുന്ന രണ്ട് പേരും നാളെ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആശ്വസിക്കുന്നവര്‍ രണ്ട് ടീമിന്റെയും ഗോള്‍ക്കീപ്പര്‍മാരാണ്-ബഫണും കൈലര്‍ നവാസും.

ഫുള്‍ബാക്ക് എന്നാല്‍ ഫുട്‌ബോളിലത് ഫുള്‍സ്റ്റോപ്പാണ്. മുന്‍നിരക്കാര്‍ക്ക് ഫുള്‍ സ്റ്റോപ്പിടുന്നവര്‍. ബാര്‍സിലോണയുടെ ചാമ്പ്യന്‍ അണിയില്‍ എട്ട് വര്‍ഷത്തോളം പന്ത് തട്ടിയ താരമാണ് ആല്‍വസ്. അവിടെ നിന്നും യുവെയില്‍ എത്തിയപ്പോഴും കളിക്കും സമീപനത്തിലും മാറ്റമില്ല. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ മൊണോക്കോയെ യുവെ വീഴ്ത്തിയതിന് പിറകില്‍ ആല്‍വസിന് വ്യക്തമായ പങ്കുണ്ടായിരുന്നു. ടൂറിനില്‍ നടന്ന ആദ്യ പാദത്തില്‍ യുവെ നേടിയ രണ്ട് ഗോളിലേക്ക് പാസ് നല്‍കിയതും ബ്രസീലുകാരനായിരുന്നു. രണ്ടാം പാദത്തില്‍ ഒരു ഗോളിന് പാസും നല്‍കി സ്വന്തമായി ഒരു ഗോളും നേടി. ഇതേ റോള്‍ തന്നെയാണ് മാര്‍സിലോക്കും. മാഡ്രിഡിലെ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ നടന്ന എല്‍ക്ലാസികോ പോരാട്ടത്തില്‍ ബാര്‍സിലോണയുടെ ലിയോ മെസി അവസാന സെക്കന്‍ഡില്‍ വിജയ ഗോള്‍ കൂറിച്ചപ്പോള്‍ തന്റെ തെറ്റ് തുറന്ന് സമ്മതിച്ചിരുന്നു മാര്‍സിലോ. മെസിയെ മാര്‍ക്ക് ചെയ്യുന്നതില്‍ തനിക്ക് പറ്റിയ വീഴ്ച്ചയാണ് ഗോളില്‍ കലാശിച്ചതെന്ന് പറഞ്ഞ അതേ മാര്‍സിലോയാണ് പിന്നീട് നടന്ന ലാലീഗ മല്‍സരങ്ങളിലും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലും ബയേണ്‍ മ്യുണിച്ചിനെതിരെയും മിന്നുന്ന പ്രകടനം നടത്തി ടീമിന്റെ ശക്തി തെളിയിച്ചത്.
ലാറ്റിനമേരിക്കക്കാരായ രണ്ട് താരങ്ങള്‍ രണ്ട് യൂറോപ്യന്‍ ടീമുകളുടെ അതികായന്മാരായി മാറുന്നത് ഇത് പുതിയ സംഭവമല്ല. ഫുട്‌സാലിലൂടെ അരങ്ങേറിയ താരമാണ് മാര്‍സിലോ. സദാ ജാഗ്രതക്കാരന്‍. പഴയ റോബര്‍ട്ടോ കാര്‍ലോസ് ശൈലി. വിംഗിലൂടെ കുതികുതിക്കും. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ തനിക്ക് ഗോള്‍ നേടാമായിരുന്നിട്ടും റൊണാള്‍ഡോയുടെ ഹാട്രിക്കാനിയി അദ്ദേഹം നല്‍കിയ പാസ് ഫുട്‌ബോള്‍ ലോകം മറക്കില്ല. അലാവസാവട്ടെ അധികാരികളോട് പൊരുത്തപ്പെടാത്തയാളാണ്. ബാര്‍സിലോണ മാനേജ്‌മെന്റുമായി പിണങ്ങിയാണ് അദ്ദേഹം യുവന്തസിലെത്തിയത്. ബ്രസീലുകാര്‍ രണ്ട് ടീമിലും കളിക്കുമ്പോള്‍ യുവന്തസ് മുന്‍നിരയെ നയിക്കുന്നത് രണ്ട് അര്‍ജന്റീനക്കാരാണ്-ഗോണ്‍സാലോ ഹിഗ്വീനും പോളോ ഡിബാലേയും.