News

മുന്‍ ചെല്‍സി താരം ഓസ്‌കാര്‍ കുഴഞ്ഞുവീണു; ഹൃദയസംബന്ധമായ അസുഖമെന്ന് റിപ്പോര്‍ട്ട്

By webdesk18

November 12, 2025

സാവോ പോളോ: മുന്‍ ചെല്‍സിയും ബ്രസീല്‍ മധ്യനിരതാരവുമായ ഓസ്‌കാര്‍ മെഡിക്കല്‍ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണതായി റിപ്പോര്‍ട്ട്. സാവോ പോളോയ്ക്ക് വേണ്ടി കളിക്കുന്ന താരത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓസ്‌കാറിന് ഹൃദയസംബന്ധമായ അസുഖം കണ്ടെത്തിയിട്ടുണ്ട്. പുതിയ സീസണിനായുള്ള മെഡിക്കല്‍ പരിശോധനകളിനിടെയാണ് സംഭവം. ചൊവ്വാഴ്ച രാവിലെ ബൈക്ക് എക്സര്‍സൈസ് നടത്തുന്നതിനിടെ താരം പെട്ടെന്ന് ബോധംകെട്ട് വീണു. ഏകദേശം രണ്ട് മിനിറ്റ് സമയത്തേക്ക് അബോധാവസ്ഥയിലായിരുന്നു അദ്ദേഹം.

തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റിയ താരം ഇപ്പോള്‍ ഐസിയുവില്‍ ചികിത്സയിലാണ്. പരിശോധനയില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതോടെ, പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കേണ്ടി വരുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

34 വയസ്സുകാരനായ ഓസ്‌കാര്‍, ചെല്‍സിക്കായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച താരമാണ്. 2014 ലോകകപ്പ് ഉള്‍പ്പെടെ ബ്രസീലിന്റെ ദേശീയ ടീമിനായി നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2024-ല്‍ സാവോ പോളോയിലേക്ക് തിരിച്ചെത്തിയ ശേഷം, തുടര്‍ച്ചയായ പരിക്കുകള്‍ താരത്തെ ബാധിച്ചിരുന്നു.

ഓസ്‌കാറിന്റെ ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന സാവോ പോളോ ക്ലബ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.