News

ഗാസയിലേത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം ;ഇസ്രാഈലിനെതിരെ കടുത്ത വിമർശനവുമായി യുഎൻ

By webdesk15

October 25, 2023

ഇസ്രാഈലിനെതിരെ അതിരൂക്ഷ വിമർശനവുമായി യു എൻ തലവൻ അൻ്റോണിയോ ഗുട്ടറസ്. ഗാസയിൽ നടക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് ഗുട്ടറസ് തുറന്നടിച്ചു. ഏതൊരു സായുധ പോരാട്ടത്തിലും സാധാരണക്കാർ സംരക്ഷിക്കപ്പെടണമെന്നും ആരും അന്താരാഷ്ട്ര നിയമങ്ങൾക്ക് അതീതർ അല്ലെന്നും യു എൻ തലവൻ പ്രതികരിച്ചു. ഒരു ഭീകരാക്രമണത്തിന്റെ പേരില്‍ ഫലസ്തീന്‍ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനെ ന്യായീകരിക്കാനാകിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.. യുദ്ധം ചർച്ച ചെയ്ത യു എൻ രക്ഷാസമിതി യോഗത്തിൽ യു എൻ തലവൻ ‘ഹമാസ് ആക്രമണം ശൂന്യതയിൽ നിന്നും ഉണ്ടായ ഒന്നല്ല’ എന്ന പ്രസ്താവന നടത്തിയിരുന്നു. ഫലസ്തീൻ ജനത 56 വർഷത്തെ ശ്വാസം മുട്ടിക്കുന്ന അധിനിവേശത്തിന് വിധേയരായെന്നും യു എൻ രക്ഷാസമിതി യോഗത്തിൽ ഗുട്ടറസ് അഭിപ്രായപ്പെട്ടിരുന്നു. തങ്ങളുടെ ഭൂമി കയ്യേറുന്നതും വിഭജിക്കപ്പെടുന്നതും ഫലസ്തീൻ ജനത കണ്ടെന്നും കുടിയിറക്കപ്പെടുകയും അവരുടെ വീടുകൾ തകർക്കപ്പെടുകയും ചെയ്തെന്നും അദ്ദേഹം രക്ഷാസമിതി യോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു.