X

ഉന്നാവോ; സിനിമ തോല്‍ക്കുന്ന തിരക്കഥയോടെ കൊന്നുതീര്‍ത്ത് ഇല്ലാതാക്കുകയാണ് ഒരു ബലാത്സംഗ കേസ്

ഉന്നാവോ ബലാത്സംഗക്കേസിലെ അനിശ്ചിതത്വം അവസാനിക്കുന്നില്ല. കേസിലെ പരാതിക്കാരിയും അമ്മയും സഹോദരിയും ബന്ധുവും അവരുടെ അഭിഭാഷകനും സഞ്ചരിച്ച കാറില്‍ ട്രക്ക് വന്നിടിച്ച് മൂന്നു പേര്‍ അതിദാരുണമായി മരിച്ചു. പെണ്‍കുട്ടിയുടെ അമ്മയും ബന്ധുവും അഭിഭാഷകനുമാണ് മരിച്ച മൂന്നു പേര്‍. പരാതിക്കാരിയും സഹോദരിയും അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെനഗര്‍ ആണ് മുഖ്യ പ്രതി.

അതു തന്നെയാണ് കേസിന്റെ ഒച്ചിഴ വേഗത്തിലുള്ള പോക്കിന്റെ കാരണവും. ഇതൊരു അപകടമല്ല, ഉന്നാവോ കേസ് അവസാനിപ്പിക്കുന്നതിന്റെ നീചമായ തന്ത്രങ്ങളിലൊന്നാണെന്ന് ഇപ്പോള്‍ തന്നെ ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. സിനിമയെ വെല്ലുന്ന തിരക്കഥയോടെ ആ കുടുംബത്തെ ഒന്നൊന്നായി ഇല്ലാതാക്കുകയാണ്. നമ്പര്‍ പ്ലേറ്റില്‍ കറുത്ത പെയ്ന്റടിച്ച ട്രക്കാണ് ഇടിച്ചത്.

ബി.ജെ.പി എം.എല്‍.എക്കെതിരെ പീഡന പരാതി വന്നതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ കുടുംബം ആദ്യം രംഗത്ത് വന്നു. അതു കഴിഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയുടെ അച്ഛനെ സ്റ്റേഷനില്‍ വച്ച് മര്‍ദിച്ചു കൊന്നു. ഇപ്പോള്‍ വളരെ സിനിമാറ്റിക്കായി, കേസിന്റെ ഒരു തരത്തിലുള്ള അസ്വസ്ഥതകളും ബാക്കിയാവാതിരിക്കാന്‍ ട്രക്ക് വെച്ച് ഇടിച്ചു കൊന്നു. നൂലിഴ വ്യത്യാസത്തിന്റെ ഭാഗ്യം കൊണ്ട് പെണ്‍കുട്ടി മരിക്കാതെ ഇരിക്കുന്നു. ആശ്വസിക്കാന്‍ ഇട നല്‍കാവാനാവാത്ത വിധം അതീവ ഗുരുതരമാണ് അവളുടെ നില. യോഗിയുടെ നാട്ടില്‍ ആശുപത്രിയില്‍ പോലും അവള്‍ സുരക്ഷിതമാണെന്നു പറയാനാവില്ല. ആശുപത്രി പോലും അവളെ അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാവാം. ജനം വോട്ടു കൊടുത്ത് ജയിപ്പിച്ച എം.എല്‍.എ അധികാരം ഉപയോഗിച്ച് തിരിച്ചു കൊത്തുന്ന കാഴ്ച.

ഈ കേസ് അട്ടിമറിക്കാന്‍ യോഗി ആദിത്യനാഥും യു.പി സര്‍ക്കാരും പരമാവധിയൊക്കെ ശ്രമിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ പരാതിക്കാരിക്കും കുടുംബത്തിനും അനുഭവിക്കേണ്ടി വന്ന നെറികേടുകള്‍ നിരവധിയാണ്. പൊലീസും ഗവണ്‍മെന്റും കുറ്റാരോപിതനായ എം.എല്‍.എയും നിരന്തരമായി വേട്ടയാടി. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കാന്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മയെയും അമ്മാവനെയും പ്രതികളാക്കി കേസെടുത്തു.

ജയിലിലുള്ള അമ്മാവനെ സന്ദര്‍ശിച്ച് വരുന്ന വഴിയെ ആണ് കാറില്‍ ട്രക്ക് വന്നിടിച്ചത്.

web desk 1: