ഡല്‍ഹി: പ്രിയങ്കാ ഗാന്ധിയെ മുഴുവന്‍ പേജുകളിലും ചിത്രീകരിച്ച് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്റെ 2021ലെ കലണ്ടര്‍. പ്രിയങ്കയുടെ മുഴനീള വര്‍ണ ചിത്രങ്ങളടങ്ങിയ 12 പേജുള്ള 10 ലക്ഷത്തോളം കലണ്ടര്‍ സംസ്ഥാനത്ത് വിതരണത്തിനു തയ്യാറാക്കിയിരിക്കുകയാണ് പാര്‍ട്ടി. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്കയാവും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് അഭ്യൂഹം പരക്കെ പാര്‍ട്ടി വൃത്തങ്ങളിലുണ്ട്.

സമാനരീതിയിലുള്ള കലണ്ടര്‍ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലും തയ്യാറാക്കിയിട്ടുണ്ടെന്നും ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന നിലയിലാണ് പ്രിയങ്കയുടെ ചിത്രം കലണ്ടറില്‍ സ്ഥാപിച്ചതെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

ഹാഥ്‌റസില്‍ ബലാത്സംഗം ചെയ്തുകൊന്ന പെണ്‍കുട്ടിയുടെ അമ്മയെ പ്രിയങ്ക കെട്ടിപ്പിടിക്കുന്നത്, സോനഭദ്രയില്‍ ജാതി ആക്രമണത്തിനിരയായവരെ സന്ദര്‍ശിക്കുന്നത്, വാരാണസിയില്‍ വിശുദ്ധ രവിദാസിന്റെ ജന്മവാര്‍ഷികത്തില്‍ പങ്കുചേര്‍ന്നത് എന്നിങ്ങനെ പ്രിയങ്കയുടെ വിവിധ ചിത്രങ്ങളാണ് ഓരോ പേജിലുമുള്ളത്. യു.പി.യില്‍ മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതിനായി പ്രിയങ്ക ലഖ്‌നൗവിലേക്ക് താമസം മാറ്റാനിരിക്കയാണ്.