വാഷിങ്ടണ്‍: ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത് നവംബര്‍ നാലിനകം പൂര്‍ണമായും നിര്‍ത്തണമെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ കര്‍ശന നിര്‍ദേശം. ഇക്കാര്യത്തില്‍ ഒരു വിധത്തിലുള്ള ഇളവും പ്രതീക്ഷിക്കേണ്ടതില്ലെന്ന് അമേരിക്ക വ്യക്തമാക്കി.

യൂറോപ്പിലെയും ഏഷ്യയിലെയും എല്ലാ സഖ്യരാജ്യങ്ങളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. കൂടുതല്‍ വ്യക്തമായി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍, ഇന്ത്യ, ചൈന, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ അടുത്ത ആഴ്ച മുതല്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറക്കുമതി പടിപടിയായി കുറച്ചു കൊണ്ടുവന്ന് നവംബര്‍ നാലോടെ പൂര്‍ണമായും നിര്‍ത്തണമെന്ന നിര്‍ദേശമാണ് അമേരിക്ക നല്‍കിയിരിക്കുന്നത്. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതിനെ തുടര്‍ന്ന് ആ രാജ്യത്തിനെതിരെയുള്ള ഉപരോധം കര്‍ശനമായി നടപ്പാക്കാന്‍ അമേരിക്ക തീരുമാനിച്ചിരുന്നു.

ഇതിന്റെ ഭാഗമായാണ് ലോക രാജ്യങ്ങള്‍ക്ക് അമേരിക്ക താക്കീതുമായി രംഗത്തു വന്നിരിക്കുന്നത്. അതേ സമയം തങ്ങളുടെ മുന്നറിയിപ്പ് ലംഘിക്കുന്ന രാജ്യങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും യു.എസ് നല്‍കിയിട്ടുണ്ട്. വിലക്ക് ലംഘിച്ചും ഇറാനില്‍ നിന്നും അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നവര്‍ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. ഇറാനില്‍ നിന്നും അസംസ്‌കൃത എണ്ണ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ചൈനയാണ് ഒന്നാമത്. സഊദി അറേബ്യ, ഇറാഖ് എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യ മൂന്നാമത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാനില്‍ നിന്നുമാണ്.

യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അമേരിക്ക ഈ ആവശ്യം പരിഗണിച്ചിട്ടില്ല. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പ്രതികരണം അറിവായിട്ടില്ല. വാര്‍ത്ത പുറത്തുവന്നതോടെ ലോക മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു തുടങ്ങി. ഇറാന് എണ്ണ വില്‍ക്കാന്‍ കഴിയാതെ വരുന്നത് സപ്ലൈ കുറക്കുമെന്ന ആശങ്കയാണ് ഇതിനു കാരണം. പ്രതിദിനം 10 ലക്ഷം ബാരലിന്റെ കുറവ് ഇതുമൂലം ഉണ്ടാകും എന്നാണ് കണക്കാക്കുന്നത്. ക്രൂഡ് ഓയില്‍ ബാരലിന്റെ വില വീണ്ടും 70 ഡോളറിന് മുകളിലായിട്ടുണ്ട്.