ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുന്ന മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. വോട്ടെണ്ണലില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മുന്നേറുന്നതിനിടെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മാധ്യമങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് തടഞ്ഞത്.

ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് രൂതേല വോട്ടിംഗ് കേന്ദ്രത്തിലേക്ക് കടന്നുവന്ന് മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. കൂടാതെ പ്രദേശത്ത് തുടരുന്ന മാധ്യമപ്രവര്‍ത്തകരെ ഒഴിപ്പിക്കാനും ശ്രമം നടന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടക്കുന്നെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് ജില്ലാ മജിസ്‌ട്രേറ്റ് ഇടപെട്ട് മാധ്യമങ്ങളെ തടയാന്‍ ശ്രമം നടത്തുന്നത്.

ബി.ജെ.പിയുടെ ഉപേന്ദ്ര ദത്ത് ശുക്ലയെ പിന്തളളി എസ്.പി സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ നിഷാദാണ് മുന്നേറ്റം നടത്തുന്നത്. ഉപേന്ദ്ര ദത്ത് ശുക്ല 7000 വോട്ടുകള്‍ക്കാണ് പിന്നിലുളളത്.