കൊല്ലം: ഉത്രയെ പാമ്പിക്കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ കുടുംബം മുഴുവന്‍ ജയിലിലായതോടെ ആളില്ലാ ഭവനമായി സൂരജിന്റെ വീട്. സൂരജിന് പിന്നാലെ മാതാപിതാക്കളും സഹോദരിയും വിവിധ വകുപ്പുകളില്‍ ജയിലിലായതോടെയാണ് വീട് അടച്ചുപൂട്ടപ്പെട്ടത്. ഗാര്‍ഹിക പീഡനം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ അറസ്റ്റ് ചെയ്തത്. ഇതേ കുറ്റത്തിന് സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ നേരത്തെ അറസ്റ്റിലായിരുന്നു.

കൊലക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന സൂരജിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്കെതിരായ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. സൂരജിന്റെ വീട്ടില്‍ വെച്ചാണ് ആദ്യം ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലാന്‍ ശ്രമം നടന്നത്. ഇത് പരാജയപ്പെട്ടതോടെ ഉത്രയുടെ സ്വന്തം വീട്ടില്‍ വെച്ച് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.