തൃശൂര്‍: വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസില്‍ പേരാമംഗലം സിഐ എം മണികണ്ഠന് സസ്പെന്‍ഷന്‍. തന്നോടു മോശമായി പെരുമാറിയെന്ന പരാതിക്കാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് ഐജി എംആര്‍ അജിത് കുമാറാണ് സിഐ എം മണികണ്ഠനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി ഫേസ് ബുക്കിലൂടെ വെളിപ്പെടുത്തിയ കേസില്‍ സി.ഐ എം മണികണ്ഠനെതിരെയും പരാമര്‍ശമുണ്ടായിരുന്നു.

പരാതി കൊടുക്കാന്‍ എത്തിയപ്പോള്‍ സിഐ ഉള്‍പ്പെടെയുള്ള ചില പൊലിസുകാര്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. നാലു പേര്‍ പീഡിപ്പിച്ചതിനേക്കാള്‍ ക്രൂരമായ മാനസിക പീഡനമാണ് പേരാമംഗലം സിഐയില്‍ നിന്നും നേരിടേണ്ടി വന്നതെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്നു. കേസ് അന്വേഷിക്കുന്ന എഎസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം പരാതിക്കാരിയില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും മൊഴിയെടുത്തു. ആരോപണത്തില്‍ ഇരുവരും ഉറച്ചു നില്‍ക്കുന്നതായാണ് വിവരം.