X

വിവിധ കുറ്റകൃത്യങ്ങൾ :ജിസാനിൽ ജയിലുകളിൽ 11 മലയാളികൾ

അഷ്‌റഫ്‌ വേങ്ങാട്ട് 

 റിയാദ് : സഊദിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള തുറമുഖ നഗരമായ ജിസാനിൽ വിവിധ കേസുകളിൽ അകപ്പെട്ട് 11 മലയാളികൾ ഉൾപ്പടെ 27 ഇന്ത്യക്കാർ ജയിലുകളിൽ . ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വൈസ് കോൺസൽ എസ് എൻ ഠാക്കൂറിന്റെ  നേതൃത്വത്തിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘം കഴിഞ്ഞ ദിവസം ജിസാൻ സെൻട്രൽ ജയിലിലും നാടു കടത്തൽ കേന്ദ്രത്തിലും  നടത്തിയ സന്ദർശനത്തിലാണ് തടവുകാരുടെ വിവരങ്ങൾ ലഭ്യമായത് . വിവിധ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെട്ട 27 ഇന്ത്യക്കാരിൽ കേരളത്തിൽ നിന്നുള്ള 11 പേർ കൂടാതെ യു പി 5, വെസ്റ്റ് ബംഗാൾ 3, തമിഴ് നാട് 2, രാജസ്ഥാൻ, തെലുങ്കാന, ത്രിപുര, പഞ്ചാബ്,ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ ഓരോരുത്തർ  അടക്കമാണ് 27 പേർ.

സഊദി മയക്കമരുന്ന് ഗണത്തിൽ പെടുത്തിയ നിരോധിത ഇലയായ “ഖാത്ത്” കടത്തൽ കേസിലാണ് കൂടുതൽ പേരും പിടിക്കപ്പെട്ടതെങ്കിലും ഹവാല ഇടപാട്, മദ്യ ഉപയോഗം, മദ്യനിർമ്മാണം, വില്പന, കൊലക്കുറ്റം, ഹഷീഷ്,, സ്ത്രീ പീഡനം, വ്യാജ ഇഖാമ നിർമ്മാണം,നിരോധിത വീഡിയോ ഷെയർ ചെയ്യൽ തുടങ്ങിയ കേസുകളിലും ശിക്ഷ അനുഭവിക്കുന്നവർ ഇക്കൂട്ടത്തിലുണ്ട്.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അസീം അൻസാരി, കമ്മ്യൂണിറ്റി വെൽഫയർ മെമ്പറും ജിസാൻ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ടുമായ ഹാരിസ് കല്ലായി, സി.സി.ഡബ്ലിയു. എ.അംഗങ്ങളായ മുഖ്‌താർ, സയ്യിദ് കാശിഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഇഖാമ പുതുക്കാത്തവരും, ഹുറൂബ് കേസുകാരും ഉൾപ്പെടെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന 29 ഇന്ത്യക്കാരിൽ പാസ്പോർട്ട് ഇല്ലാത്തവർക്ക് എമർജൻസി പാസ്പോർട്ട് അനുവദിക്കുന്നതിനുള്ള രേഖകൾ സംഘം ശേഖരിച്ചു.

സെൻട്രൽ ജയിൽ മേധാവി ഫൈസൽ അബ്ദു ഷഅബി, ഡീപ്പോർട്ടേഷൻ സെന്റർ (തർഹീൽ ) ഉപ മേധാവി സഅദ് അലി ശഹരി എന്നിവരുമായി ചർച്ച നടത്തിയ കോൺസൽ സംഘം ശിക്ഷ കാലാവധി കഴിഞ്ഞ തടവുകാരുടെ മോചനം ത്വരിതപ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ചു.

ജിസാൻ നഗരത്തിന് പുറത്തുള്ള വിദൂര പ്രാവിശ്യകളിൽ നിന്ന് വാടകക്കെടുക്കുന്ന വാഹനങ്ങളുമായെത്തി ഖാത്ത് കടത്തൽ പതിവാക്കുന്നവർ പിടിക്കപ്പെട്ടാൽ ശിക്ഷാ കാലാവധി കഴിഞ്ഞാലും അവരിൽ നിന്ന് പിടിക്കപ്പെട്ട വാഹനവുമായി ബന്ധപ്പെട്ട കേസുകൾ നില നിൽക്കുന്നതിനാൽ മോചനം അനന്തമായി നീണ്ടു പോകും . 


എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള വ്യാമോഹവും പിടിക്കപ്പെട്ടാൽ രക്ഷപ്പെടുത്താമെന്ന ഏജന്റുമാരുടെ പൊള്ളയായ വാഗ്ദാനങ്ങളുമാണ് ഇടനിലക്കാരായി പ്രവർത്തിക്കാൻ ജയിലിൽ കഴിയുന്ന പലരെയും പ്രേരിപ്പിച്ചതെന്ന് കോൺസൽ കണ്ടെത്തി. തൊഴിലവസരം നൽകുന്ന ഈ രാജ്യത്തിന്റെ നിയമങ്ങൾ പൂർണ്ണമായും പാലിക്കാൻ ഇന്ത്യൻ സമൂഹം ജാഗ്രത പുലർത്തണമെന്നും നിയമലംഘനങ്ങളിൽ അകപ്പെട്ടാൽ ശിക്ഷ നേരിടുകയല്ലാതെ ആർക്കും രക്ഷിക്കാനാവില്ലെന്നും പ്രലോഭനങ്ങളിൽ പെട്ട് ജീവിതം നശിപ്പിക്കരുതെന്നും വൈസ് കോൺസൽ എസ് എൻ ഠാക്കൂർ ഇന്ത്യക്കാരോട് ആവശ്യപെട്ടു.

ജയിലിൽ കഴിയുന്നവരിൽ മിക്കവരും പ്രയാസപ്പെടുന്ന കുടുംബങ്ങളുടെ അതാണികളാണെന്നും  ഇത്തരം കേസുകളിൽ പെട്ടവരുടെ മോചനത്തിനായി നാട്ടിൽ നിന്ന് നിരവധി ഫോൺ കാളുകൾ ലഭിക്കാറുണ്ടെന്നും ജിസാൻ കെഎംസിസി പ്രസിഡണ്ട്‌ ഹാരിസ് കല്ലായി പറഞ്ഞു. ഖാത്ത് കടത്തൽ  കേസുകളിൽ കുടുങ്ങിയവരുടെ  ജയിൽ മോചനം എളുപ്പമല്ലെന്നും സാമൂഹിക പ്രവർത്തകർക്ക് ഇങ്ങിനെയുള്ള കേസുകളിൽ ഇടപെടുന്നതിൽ പരിമിതികളുണ്ടെങ്കിലും  പരമാവധി ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

web desk 3: