ന്യൂഡല്‍ഹി: പ്രധാനമന്ത്രി പുറത്തിറക്കിയ രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയന്‍കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ പേര് ഉള്‍പ്പെട്ടത് സംവിധായകന്‍ അലി അക്ബറിന് തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ വാരിയന്‍കുന്നത്തിനെ കുറിച്ചുള്ള സിനിമകള്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രക്തിസാക്ഷിയാണെന്ന് മോദി പറയുമ്പോള്‍ ഹിന്ദുവിരുദ്ധനാണ് വാരിയംകുന്നത്തെന്നുള്ള സംവിധായകന്‍ അലി അക്ബറിന്റെ വാദം പൊളിയുകയാണ്. ഇതോടെ വാരിയന്‍കുന്നത്തിനെ ഹിന്ദുവിരുദ്ധനാക്കി ചിത്രീകരിക്കുന്ന അലി അക്ബര്‍ എങ്ങനെ സിനിമയെടുക്കുമെന്നതാണ് ഉയര്‍ന്നുവരുന്ന ചോദ്യം. ബിജെപി അനുകൂല നിലപാടുള്ള അലി അക്ബര്‍ വാരിയന്‍കുന്നത്തിനെ കേന്ദ്രകഥാപാത്രമാക്കി സിനിമയെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന് പേരിട്ട പ്രസിദ്ധീകരണത്തിലാണ് വാരിയന്‍കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്ലിയാരുടെയും പേര് ഉള്‍പ്പെട്ടിരിക്കുന്നത്. 2018-ലാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്ന് പങ്കാളികളായവരുടെ പേരാണ് പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1857 മുതല്‍ 1947 വരെയുള്ള രക്തസാക്ഷികളെയാണ് പുസ്തകത്തിലുള്ളത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലബാറിലെ മൊയ്ദീന്‍ ഹാജിയുടെയും ആമിനക്കുട്ടിയുടെയും മകനായാണ് ജനിച്ചത്, തുടങ്ങി അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ ആഷിഖ് അബുവാണ് വാരിയന്‍കുന്നന്‍ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നത്. വലിയ തോതിലുള്ള വിവാദങ്ങള്‍ക്കാണ് ഈ ചിത്രത്തിന്റെ പ്രഖ്യാപനം വഴിവെച്ചത്. ഹിന്ദു ഐക്യവേദിയും ബിജെപിയുമായിരുന്നു ഇതിനെതിരെ പ്രധാനമായും രംഗത്തുവന്നത്. പിന്നീട് വാരിയന്‍കുന്നത്തിനെ കുറിച്ച് മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ടത് നാലു സിനിമകളാണ്. ആഷിക് അബു, പി.ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വെങ്ങര, അലി അക്ബര്‍ എന്നീ സംവിധായകരാണ് ചിത്രങ്ങള്‍ പ്രഖ്യാപിച്ചത്. ആദ്യ മൂന്നെണ്ണത്തിലും വാരിയന്‍കുന്നത്ത് നായകനാണ് എങ്കില്‍ അലി അക്ബര്‍ സിനിമയില്‍ അദ്ദേഹം പ്രതിനായകനാണ് എന്നതായിരുന്നു വിഷയം.

അന്ന് വാരിയന്‍കുന്നനെയും ആലി മുസ്ലിയാരെയുമെല്ലാം വര്‍ഗീയവാദികളാക്കിയാണ് ബിജെപി കേന്ദ്രങ്ങള്‍ ചിത്രീകരിച്ചിരുന്നത്. ഇവരെ വര്‍ഗീയവാദികളാക്കി ചിത്രീകരിക്കുന്നതിനു വേണ്ടിയായിരുന്നു സിനിമയുടെ പ്രഖ്യാപനവും. അതുകൊണ്ടു തന്നെ മോദി ഇറക്കിയ പുസ്തകം ഇവരുടെ വാദങ്ങള്‍ക്കു തിരിച്ചടിയാവുകയാണ്. മലബാര്‍ സമരം ഹിന്ദു വിരുദ്ധമായിരുന്നെന്നും സ്വാതന്ത്ര്യ സമരവുമായി അതിന് യാതൊരു വിധ ബന്ധവുമില്ലെന്നും സംഘപരിവാര്‍ നേതാക്കളടക്കം വലിയ രീതിയില്‍ പ്രചരണങ്ങള്‍ നടത്തുന്ന സമയത്ത് തന്നെയാണ് പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ പേരും അടങ്ങിയിരിക്കുന്നത് എ്ന്നത് ശ്രദ്ധേയമായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അലി അക്ബറിന്റെ സിനിമ എങ്ങനെയായിരിക്കുമെന്നതാണ് ചര്‍ച്ചയും.