ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയര്‍ തുടങ്ങിയവരെ കുറിച്ച് പറഞ്ഞിരുന്ന ഭാഗം നീക്കി. ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന പുസ്തകത്തിന്റെ അഞ്ചാം ഭാഗമാണ് ഇന്ത്യ കള്‍ച്ചര്‍ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായത്. ആന്ധ്ര പ്രദേശ്, തെലങ്കാന, കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളെയാണ് ഇതില്‍ പരാമര്‍ശിച്ചിരുന്നത്.

ഇപ്പോള്‍ നാലു ഭാഗങ്ങളാണ് ഓണ്‍ലൈനില്‍ ലഭ്യമാകുന്നത്. ആദ്യ രണ്ടു ഭാഗങ്ങള്‍ ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളെ കുറിച്ചാണ്. രണ്ടാം ഭാഗത്തില്‍ യുപി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളും. മഹാരാഷ്ട്ര, ഗുജറാത്ത്, സിന്ധ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് നാലാം ഭാഗത്തില്‍. അഞ്ചാം ഭാഗത്തില്‍ പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ഒഡിഷ, അസം, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളില്‍ നി്ന്നുള്ള രക്തസാക്ഷികളും.

പട്ടികയില്‍ നിന്നും ‘മാപ്പിള ലഹളക്കാരെ’ ഒഴിവാക്കണമെന്ന് സംഘപരിവാര്‍ അനുകൂലികള്‍ ആവശ്യപ്പെട്ടിരുന്നു. ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകളാണ് ഇക്കാര്യം തീവ്രമായി ആവശ്യപ്പെട്ടത്. കേരളത്തിലെ ഭരണാധികാരികള്‍ വോട്ടുബാങ്കിനു വേണ്ടി ഈ ലഹളക്കാരെ വെള്ളപൂശുകയും മാപ്പിള ലഹളയെ സ്വാതന്ത്ര്യ സമരമാക്കി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുകയുമായിരുന്നു എന്നായിരുന്നു ഐക്യവേദിയുടെ ആരോപണം. .

വാരിയം കുന്നത്തിന്റെ ജീവിതത്തെ ആസ്പദമായി ആശിഖ് അബു പ്രഖ്യാപിച്ച പൃത്ഥ്വിരാജ് സിനിമ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുസ്തകത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉള്‍പ്പെട്ടത് ചര്‍ച്ചയായിരുന്നത്.