X

വീണ വിജയന്‍ പണം വാങ്ങിയത് ക്രമ വിരുദ്ധമായി’; മുഖ്യമന്ത്രി മറുപടി പറയണം; മാത്യു കുഴല്‍നാടന്‍

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. വീണ സിഎംആര്‍എല്ലില്‍ നിന്നും പണം വാങ്ങിയത് നിയമവിരുദ്ധമായാണ്. ഇന്ന് കേരളത്തില്‍ ഓര്‍ഗനൈസ്ഡ് കൊള്ളയും ഇന്‍സ്റ്റിറ്റിയൂഷണലൈസ്ഡ് കറപ്ഷനുമാണ് നടക്കുന്നത്. മകള്‍ നടത്തിയ ക്രമക്കേടില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.

എക്സാ ലോജിക് കമ്പനി വാങ്ങിയ പണത്തേക്കാള്‍ കൂടുതല്‍ പണം പിണറായി വിജയന്റെ മകള്‍ വീണ വ്യക്തിപരമായി വാങ്ങിയിട്ടുണ്ട്. വ്യക്തിയുടെ അക്കൗണ്ടിലേക്ക് വന്ന പണത്തെക്കുറിച്ച് മറുപടി പറയേണ്ടത് ആ വ്യക്തിയാണ്. ആ വ്യക്തി എന്നു പറയുന്നത് മുഖ്യമന്ത്രിയുടെ മകളാണ്. മാത്യു കുഴല്‍നാടന്‍ പറഞ്ഞു. എന്തുകൊണ്ടാണ് നിങ്ങളുടെ മകള്‍ കരിമണല്‍ കമ്പനിയില്‍ നിന്നും മാസാമാസം പണം വാങ്ങിയതെന്ന്, സ്വാഭാവികമായും കേരളത്തിലെ പൊതുസമൂഹം മുഖ്യമന്ത്രിയോട് ചോദ്യം ഉയര്‍ത്തും. ഞങ്ങള്‍ വീണയോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നില്ല. ചോദിക്കുന്നത് മുഖ്യമന്ത്രിയോടാണ്. ഇതിനു മറുപടി പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന കമ്പനി 3 വര്‍ഷത്തിനിടെ മാസപ്പടി ഇനത്തില്‍ 1.72 കോടി രൂപ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ രേഖകള്‍ ഉദ്ധരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ആരോപണം സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത നിഷേധിച്ചിട്ടുണ്ട്.

 

webdesk13: