കരാക്കസ്: പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ചൊല്ലി അമേരിക്ക പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് യു.എസ് അംബാസഡറെ വെനസ്വേല പുറത്താക്കി. രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഉത്തരവുപ്രകാരമാണ് അംബാസഡറെ പുറത്താക്കിയത്.

യു.എസ് അംബാസഡര്‍ ടോഡ് റോബിന്‍സനും ഡെപ്യൂട്ടി ബ്രയാന്‍ നരഞ്‌ജോയും 48 മണിക്കൂറിനകം രാജ്യംവിടണമെന്ന് മഡുറോ നിര്‍ദേശിച്ചു. വെനസ്വേലയിലെ സി.ഐ.എ മേധാവിയാണ് നരഞ്‌ജോയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളെ പിന്തിരിപ്പിച്ചത് യു.എസ് അംബാസഡറും സഹായിയുമാണെന്ന് മഡുറോ ആരോപിച്ചു. പ്രതിപക്ഷം ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നതായി പാശ്ചാത്യ രാജ്യങ്ങള്‍ വിമര്‍ശിച്ചിരുന്നു. പ്രധാന നേതാക്കളെ മത്സരിക്കുന്നതില്‍നിന്ന് തടഞ്ഞതാണ് വോട്ടെടുപ്പ് ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്. മഡുറോ ഭരണകൂടത്തെ പരമാവധി സമ്മര്‍ദ്ദത്തിലാക്കുന്ന ഉപരോധങ്ങളാണ് യു.എസ് പ്രഖ്യാപിച്ചിരിക്കുന്നത്.

വെനസ്വേലന്‍ ജനതക്കുമേല്‍ പരമാവധി ദുരിതം വിതക്കാനാണ് അമേരിക്കയും സഖ്യകക്ഷികളും ശ്രമിക്കുന്നതെന്ന് മഡുറോ ആരോപിച്ചു.
എണ്ണ കയറ്റുമതിയെ മാത്രം ആശ്രയിക്കുന്ന വെനസ്വേലയെ സാമ്പത്തികമായി തകര്‍ക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. വെനസ്വേലയുടെ കയറ്റുമതി വരുമാനത്തില്‍ 95 ശതമാനവും ലഭിക്കുന്നത് എണ്ണയില്‍നിന്നാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 14 ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ അംബാസഡര്‍മാരെ തിരിച്ചുവിളിച്ചിരുന്നു. നിക്കോളാസ് മഡുറോ അധികാരത്തില്‍ തിരിച്ചെത്തിയ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് ഈ രാജ്യങ്ങളുടെ ആരോപണം.