തിരുവനന്തപുരം: പാര്‍ട്ടിയുടെ സംസ്ഥാന നേതാവും തിരുവനന്തപുരം ജില്ലാ അധ്യക്ഷനുമായ വിവി രാജേഷിനെ തിരുവനന്തപുരം കോര്‍പറേഷനിലേക്ക് മത്സരിപ്പിക്കാന്‍ ബിജെപി. പൂജപ്പുര വാര്‍ഡില്‍ നിന്നാണ് രാജേഷ് മത്സരിക്കുക. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് രാജേഷിന്റെ പേര് പ്രഖ്യാപിച്ചത്.

ബിജെപിയുടെ സിറ്റിങ് വാര്‍ഡാണിത്. രാജേഷിനെ ഇറക്കി കോര്‍പറേഷന്‍ ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി പറയുന്നു. എന്നാല്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനം ഇത്തവണ വനിതാ സംവരണമായിട്ടും രാജേഷിനെ കളത്തിലിറക്കുന്നത് ഒതുക്കലിന്റെ ഭാഗമാണ് എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

തിരുവനന്തപുരം നഗരത്തെ ലോകോത്തര നഗരമാക്കി മാറ്റാന്‍ അഖിലേന്ത്യാ നേതൃത്വത്തോട് അഭ്യര്‍ഥിച്ചതായും കേന്ദ്ര സര്‍ക്കാര്‍ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതായും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തവെ സുരേന്ദ്രന്‍ പറഞ്ഞു.

തലസ്ഥാനത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ എന്‍ഡിഎയ്ക്ക് വ്യക്തമായ പദ്ധതിയുണ്ട്. കേന്ദ്രത്തിന്റെ സഹായത്തോടെ അത് നടപ്പിലാക്കുകയും ചെയ്യും. രാജ്യാന്തര വിമാനത്താവളത്തിന് പാര പണിയുന്നവര്‍ക്കാണോ വികസനം കൊണ്ടുവരാന്‍ കഴിയുന്നവര്‍ക്കാണോ വോട്ട് ചെയ്യേണ്ടതെന്ന് തിരുവനന്തപുരത്തെ ജനങ്ങള്‍ക്കറിയാമെന്നും രാജേഷ് പറഞ്ഞു.