ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിയിലെ വിവാദ വകുപ്പുകള്‍ സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവ് കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. നീതി, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാ മൂല്യങ്ങളുടെ വിജയമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അഭിപ്രായപ്പെട്ടു.
‘ഭേദഗതിയുടെ ഉദ്ദേശം വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്തുകയായിരുന്നു. മതപരമായ തര്‍ക്കങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കുന്നവരെ പ്രീണിപ്പിക്കാന്‍ ഒരു ഭരണഘടന സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. വിയോജനക്കുറിപ്പ് അന്ന് അവഗണിക്കപ്പെട്ടു, പക്ഷേ ഇപ്പോള്‍ ന്യായീകരിക്കപ്പെടുന്നു’, ജയറാം രമേശ് പറഞ്ഞു.
വഖഫ് നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി നല്‍കുന്ന ഇടക്കാല ഉത്തരവായിരുന്നു ഇന്ന് സുപ്രീം കോടതി പുറത്ത് വിട്ടത്. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.