X

ഐ.പി.എല്‍: വാട്ട്‌സണ്‍ ഷോയില്‍ രാജസ്ഥാന് തോല്‍വി

പൂനെ: വ്യാഴം ക്രിസ് ഗെയിലിന്റെ ഊഴമായിരുന്നെങ്കില്‍ വെള്ളി ഷെയിന്‍ വാട്ട്‌സന്റെ ദിനമായിരുന്നു. പഞ്ചാബിന്റെ ഓപ്പണറായ ഗെയില്‍ 11 സിക്‌സറുകള്‍ പായിച്ചാണ് മൂന്നക്കം തികച്ചതെങ്കില്‍ ചെന്നൈ ഓപ്പണറായ വാട്ട്‌സണ്‍ ആറ് സിക്‌സറുകള്‍ പായിച്ചു. 51 പന്തില്‍ സെഞ്ച്വറിയും തികച്ചു. ആ മികവില്‍ അഞ്ച് വിക്കറ്റിന് 204 റണ്‍സ് നേടിയ ചെന്നൈക്ക് മുന്നില്‍ രാജസ്ഥാന്‍ തകര്‍ന്നു.

അജിങ്ക്യ രഹാനെയും സഞ്ജു സാസണുമെല്ലാം തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും നിരാശപ്പെടുത്തിപ്പോള്‍ ചെന്നൈയില്‍ നിന്നും പൂനെയിലെത്തിയ ചെന്നൈ ആരാധകര്‍ക്ക് നിരാശപ്പെടേണ്ടി വന്നില്ല. ഇന്ന് രണ്ട് മല്‍സരങ്ങളുണ്ട്. ആദ്യ പോരാട്ടത്തില്‍ കൊല്‍ക്കത്ത പഞ്ചാബുമായി കളിക്ുമ്പോള്‍ ഗെയില്‍ തന്നെ നോട്ടപ്പുള്ളി. രണ്ടാം മല്‍സരം രാത്രിയില്‍ ബംഗളൂരുവും ഡല്‍ഹിയും തമ്മിലാണ്.കാവേരി പ്രശ്‌നം കാരണം ചെന്നൈ മല്‍സരങ്ങള്‍ പൂനെയിലേക്ക് മാറ്റിയതിന് പിറകെ ആരാധകര്‍ നിരാശരാവാതെ ഗ്യാലറിയില്‍ തടിച്ച് കൂടിയപ്പോള്‍ അവര്‍ക്ക് വേണ്ടിയായിരുന്നു ഓസ്‌ട്രേലിയക്കാരന്‍ വാട്ട്‌സന്റെ വെടിക്കെട്ട്. ഭാര്യയും മകനും ഗ്യാലറിയില്‍ കളി കാണുമ്പോള്‍ അദ്ദേഹത്തിന്റെ ഷോട്ടുകള്‍ ഒമ്പത് തവണ അതിര്‍ത്തി കടന്നു.106 റണ്‍സുമായി അവസാന ഓവറിലാണ് വാട്ട്‌സണ്‍ പുറത്തായത്.

 

അമ്പാട്ട് റായിഡു (12) നിരാശപ്പെടുത്തിയപ്പോള്‍ സുരേഷ് റൈനയുടെ സൂപ്പര്‍ ഷോട്ടുകളാണ് വാട്ട്‌സണ് ധൈര്യം നല്‍കിയത്. 29 പന്തില്‍ 46 റണ്‍സുമായാണ് റൈന മടങ്ങിയത്. റൈന-വാട്ട്‌സണ്‍ സഖ്യമാണ് റോയല്‍സിനെ വീഴ്ത്തിയതും. നായകന്‍ ധോണി (5),ബില്ലിംഗ്‌സ് (3) എന്നിവര്‍ പുറത്തായതിന് ശേഷം ഡ്വിന്‍ ബ്രാവോയാണ് 16 പന്തില്‍ 24 റണ്‍സുമായി അവസാന വെടിക്കെട്ടിന് നേതൃത്വം നല്‍കിയത്. മറുപടിയില്‍ ക്ലാസന്റെ വിക്കറ്റ് അതിവേഗം പോയി. പിറകെ സഞ്ജുവും (2) മടങ്ങി. കൂറ്റനടിക്കുള്ള ശ്രമത്തില്‍ രഹാനെയും മടങ്ങിയതോടെ ചെന്നൈക്കാര്‍ പിടിമുറുക്കി. ബട്ട്‌ലറും സ്‌റ്റോക്ക്‌സും പെട്ടെന്ന് പിടികൊടുത്തില്ല. പക്ഷേ ഇന്നിംഗ്‌സ് പകുതി പിന്നിട്ടപ്പോള്‍ കൂറ്റനടിക്കുള്ള ശ്രമത്തില്‍ ഇരുവരും പുറത്തായി.സ്റ്റോക്ക്‌സ് 45 റണ്‍സ് നേടിയപ്പോള്‍ ബട്ട്‌ലര്‍ 22 റണ്‍സ് നേടി. വാലറ്റത്തില്‍ ആര്‍ക്കും പൊരുതി കളിക്കാനായില്ല. റോയല്‍സിന്റെ തുടര്‍ച്ചയായ പരാജയമാണിത്. ചെന്നൈയുടെ മൂന്നാം ജയവും.

chandrika: