പുല്‍പ്പള്ളി: പ്രളയത്തെത്തുടര്‍ന്നുണ്ടായ കൃഷിനാശവും കടബാധ്യതയും കാരണം വയനാട് പുല്‍പ്പള്ളിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പുല്‍പ്പള്ളി ആളൂര്‍ക്കുന്ന് മാനിക്കാട് എം.എം രാമദാസ് (58) ആണ് ആത്മഹത്യ ചെയ്തത്. വീടിനു സമീപത്ത് തോട്ടത്തില്‍ ഇന്നു രാവിലെയാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പാട്ടഭൂമിയില്‍ നെല്‍കൃഷി ചെയ്തുവരികയായിരുന്നു രാമദാസ്. കഴിഞ്ഞ മാസത്തെ പേമാരിയും പ്രളയവും കാരണം രാമദാസിന്റെ കൃഷി നശിച്ചിരുന്നു. കൃഷി നടത്തുന്നതിനും മറ്റുമായി സ്വാശ്രയ സംഘങ്ങള്‍, സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നും രാമദാസ് വായ്പ എടുത്തിരുന്നുവെന്നാണ് അറിയുന്നത്.

ഇതുമായി ബന്ധപ്പെട്ട മാനസിക വിഷമമാകാം ആത്മഹത്യക്കു കാരണമായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചന്ദ്രമതിയാണ് ഭാര്യ, മക്കള്‍: ഗോകുല്‍ദാസ്, രാഹുല്‍ദാസ്, നീതു.