താമരശ്ശേരി: കനത്ത മഴ കാരണം താമരശ്ശേരി-വയനാട് ചുരത്തില്‍ മണ്ണിടിഞ്ഞു. ഒമ്പതാം വളവിലാണ് മണ്ണിടിഞ്ഞത്. ഇതേത്തുടര്‍ന്ന് ചുരത്തില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിന്റേതടക്കം നിരവധി വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. രാവിലെ എട്ടരയോടെയാണ് മണ്ണിടിഞ്ഞത്. മണ്ണിനൊപ്പം മരങ്ങളും റോഡിലേക്ക് കടപുഴകി വീണു. നാട്ടുകാരുടെ സഹായത്തോടെ വൈത്തിരി പൊലീസ് മരങ്ങള്‍ മുറിച്ചു നീക്കി. പിന്നീട് ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ച് മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. കനത്ത മഴയില്‍ മണ്ണിടിയാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.