കെ.എസ് മുസ്തഫ

കല്‍പ്പറ്റ: കടുത്ത വരള്‍ച്ചയില്‍ ജില്ലയിലെ പുല്‍മേടുകളും അടിക്കാടുകളുമുള്‍പ്പെടെ 400 ഹെക്ടറിലധികം പ്രദേശങ്ങളില്‍ കാട്ടുതീ പടര്‍ന്നിട്ടും തീയണക്കാന്‍ സജ്ജീകരണങ്ങളൊന്നുമില്ലാതെ വനംവകുപ്പ് ജീവനക്കാര്‍ ദുരിതച്ചൂടില്‍ തന്നെ. ഫയര്‍ഫോഴ്‌സുകള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത മലമുകളിലും ഉള്‍ക്കാടുകളിലും വെറും വടിയും ചുള്ളിക്കമ്പുകളുമായി ആളിക്കത്തുന്ന തീയോട് എതിരിടേണ്ട ഗതികേടിലാണ് വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും സാധാരണജീവനക്കാരും. കര്‍ണാടക ബന്ദിപ്പൂര്‍ വനത്തിലുണ്ടായ വന്‍കാട്ടുതീ കെടുത്തുന്നതിനിടെ കര്‍ണാടക വനംവകുപ്പ് ജീവനക്കാരന്‍ മരിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും ജീവനക്കാര്‍ക്ക് ആവശ്യത്തിന് സുരക്ഷയൊരുക്കാനോ, കാട്ടുതീ പടര്‍ന്ന് പിടിക്കുന്നത് തടയാനോ സര്‍ക്കാര്‍ തയ്യാറാവാത്തതില്‍ വകുപ്പിനുള്ളില്‍തന്നെ വന്‍ അമര്‍ഷമാണ് പുകയുന്നത്.

 വെള്ളംനിറച്ച കുടവുമായി കത്തുന്ന മരത്തില്‍  തീ അണക്കാന്‍ ശ്രമിക്കുന്ന ജീവനക്കാര്‍

വെള്ളംനിറച്ച കുടവുമായി കത്തുന്ന മരത്തില്‍ തീ അണക്കാന്‍ ശ്രമിക്കുന്ന ജീവനക്കാര്‍

ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ചെമ്പ്രമലമുകളിലെ ഹൃദയതടാകത്തിന് ചുറ്റും തീ പടര്‍ന്ന് 300 ഹെക്ടറിലധികം പുല്‍മേടുകളാണ് അഗ്നിക്കിരയായത്. കല്‍പ്പറ്റ സെക്ഷന് കീഴില്‍ ബാണാസുരന്‍മലയിലെ വാളാരംകുന്ന് ബപ്പനംമലയില്‍ നൂറോളം ഹെക്ടറിലും, മുത്തങ്ങ വന്യജീവി സങ്കേതത്തിലെ നിത്യഹരിത വനത്തിലും കാട്ടു തീ പടര്‍ന്നിരുന്നു. കടുത്ത വരള്‍ച്ച തുടരുന്നതിനാല്‍ അതിര്‍ത്തിഗ്രാമങ്ങളായ കൊളവള്ളി, ഐശ്വര്യക്കവല, ചാമപ്പാറ, ചണ്ണോത്ത്‌കൊല്ലി, മാടപ്പള്ളിക്കുന്ന് ഗ്രാമങ്ങളും വനാതിര്‍ത്തിയിലെ കന്നാരംപുഴ, അമരക്കുനി, ചീയമ്പം പ്രദേശങ്ങളും ഏത് സമയവും കാട്ടുതീ വിഴുങ്ങാന്‍ പാകത്തില്‍ വെന്തുനില്‍ക്കുകയാണ്.

സാഹചര്യങ്ങള്‍ ഇത്രയും സങ്കീര്‍ണ്ണമായിട്ടും തീയണക്കാന്‍ എന്തുചെയ്യണമെന്നറിയാതെ കുഴയുകയാണ് വനംവകുപ്പിലെ ജീവനക്കാര്‍. കേരള അതിര്‍ത്തിയില്‍ തീപിടുത്തമുണ്ടായാല്‍ ബത്തേരിയില്‍ നിന്നോ, കല്‍പ്പറ്റയില്‍ നിന്നോ ഫയര്‍ഫോഴ്‌സ് എത്തണം. അതും റോഡ് സൈഡില്‍ തീ പിടിക്കുകയാണെങ്കില്‍ മാത്രം. ഇത്രയും ദൂരം സഞ്ചരിച്ച് വാഹനങ്ങള്‍ എത്തുമ്പോഴേക്കും എല്ലാം തീരും. അതേ സമയം ഉള്‍ക്കാടുകളിലും മലമുകളിലും തീ പടരുന്നതറിഞ്ഞ് വടിയും ചുള്ളിക്കമ്പുമായി എത്തുന്ന ജീവനക്കാര്‍ പലപ്പോഴും നിസഹായരാവുകയാണെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ്‌കുമാര്‍ ചന്ദ്രികയോട് പറഞ്ഞു. ആളിപ്പടരുന്ന തീ വെറും വടികൊണ്ട് അടിച്ചുകെടുത്തല്‍ ഏറെക്കുറെ അസാധ്യമായ കാര്യമാണ്.

കടുത്ത ചൂടേറ്റ് ജീവനക്കാര്‍ക്ക് ഡീഹൈഡ്രേഷന്‍(ശരീരത്തിലെ ജലാംശം നഷ്ടപ്പെടല്‍) അനുഭവപ്പെടുന്നത് പതിവാണ്. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ കഞ്ഞിയും പയറും തൈരും കഴിച്ചാണ് വനംവകുപ്പ് ജീവനക്കാര്‍ മണിക്കൂറുകളോളം ഉള്‍വനത്തില്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ആളിക്കത്തുന്ന തീ ഏതു ഭാഗത്തുകൂടിയും പടര്‍ന്ന് പിടിക്കാമെന്നതിനാല്‍ വലിയ അപകടവലയത്തിലാണ് ജീവനക്കാര്‍ ജോലിയെടുക്കുന്നതെന്ന് കല്‍പ്പറ്റ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ ഇഖ്ബാലും വിശദീകരിക്കുന്നു. ആധുനിക സജ്ജീകരണങ്ങളുള്ള ഹെലികോപ്റ്റര്‍ വഴി തീയണക്കുകയോ മറ്റ് മാര്‍ഗങ്ങള്‍ ആരായുകയോ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്.

ഇതിന് പുറമെയാണ് ജൈവമണ്ഡലങ്ങള്‍ നേരിടുന്ന കനത്ത ഭീഷണിയും. ജൈവവൈവിധ്യങ്ങളുടെ സമ്പന്നതയാണ് വയനാടന്‍ കാടുകളുടെ പ്രത്യേകത. അപൂര്‍വ്വയിനം ചെറുജീവികളും നിരവധി ഔഷധ സസ്യങ്ങളും വനത്തില്‍ വളരുന്നുണ്ട്. കൂരമാന്‍, കാട്ടുമുയല്‍ ഉള്‍പ്പെടെ ജീവിവര്‍ഗങ്ങള്‍ പുറംകാട്ടിലെ ആവാസവ്യവസ്ഥയിലാണ് ജീവിക്കുന്നത്. ഇത്തരം ജീവിവര്‍ഗങ്ങള്‍ക്ക് കനത്ത ആഘാതമാവുകയാണ് കാട്ടുതീ. ഒരു നാടാകെ കത്തിയിട്ടും അറിഞ്ഞില്ലെന്ന ഭാവം തുടരുന്ന അധികൃതര്‍, ചുള്ളിക്കമ്പുകൊണ്ട് തീയണക്കുന്ന വനംവകുപ്പിലെ സാധാരണക്കാരുടെ ജീവനാണ് വിലയില്ലാതാക്കുന്നത്.