സാന്‍ഫ്രാന്‍സിസ്‌കോ: പ്രതിഷേധമുയര്‍ന്നതോടെ വിവാദതീരുമാനത്തില്‍ നിന്ന് പിന്‍മാറി വാട്‌സ്ആപ്പ്. സ്വകാര്യതാ നയം മെയ് 15വരെയാണ് നിര്‍ത്തിവെച്ചത്. പുതിയ നയം ഉപഭോക്താക്കളില്‍ നിരവധി തെറ്റിദ്ധാരണയുണ്ടാക്കിയെന്നാണ് വാട്‌സ്ആപ്പ് അധികൃതര്‍ കരുതുന്നത്. ഇത് വ്യക്തമായി മനസിലാക്കിനല്‍കാന്‍ സമയമെടുക്കും.

വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങള്‍ നല്‍കാനോ കോളുകള്‍ കേള്‍ക്കാനോ വാട്‌സാപ്പിനോ ഫെയ്‌സ്ബുക്കിനോ കഴിയില്ല. ചാറ്റുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയി തുടരുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

നേരത്തെ പുതിയ നയം അംഗീകരിക്കാത്തപക്ഷം ഫെബ്രുവരി എട്ടിന് റദ്ദാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതാണ് ഉപഭോക്താക്കളില്‍ പ്രതിഷേധത്തിനിടയാക്കിയത്. പലരും സിഗ്നല്‍ അടക്കമുള്ള ആപ്ലിക്കേഷനുകളിലേക്ക് മാറുകയും വാട്‌സാപ്പിനെതിരെ നിരന്തര കാമ്പയിന്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് തല്‍സ്ഥിതി തുടരാന്‍ വാട്‌സ്ആപ്പ് തീരുമാനമെടുത്തത്.