kerala

കേരളത്തില്‍ ആരാണ് മുസ്‌ലിം രാഷ്ട്രവാദം ഉന്നയിച്ചത്; ആര്‍.എസ്.എസ്സിനെ പേടിച്ച് തൂക്കമൊപ്പിക്കുന്ന പണി സി.പി.എം അവസാനിപ്പിക്കണം: കെ.കെ ശൈലജക്കെതിരെ പി.എം.എ സലാം

By webdesk13

July 10, 2024

ആർ.എസ്.എസ്സിനെ പേടിച്ച് തൂക്കമൊപ്പിക്കുന്ന പണി സി.പി.എം അവസാനിപ്പിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു മത രാഷ്ട്രവാദത്തോടൊപ്പം മുസ്ലിം മതരാഷ്ട്രവാദത്തെ എതിർക്കണമെന്നാണ് ശൈലജ പറയുന്നത്.

ആരാണ് അങ്ങനെയൊരു വാദം ഉന്നയിച്ചത് എന്ന് പറയാൻ അവർ തയ്യാറാവണം. ഇന്ത്യാ രാജ്യത്ത് ആരും അങ്ങനെയൊന്ന് ആവശ്യപ്പെടുന്നില്ല. ആർ.എസ്.എസ്സിനെ ഭയന്നാണ് ഇങ്ങനെ പറയുന്നത്. ഇന്ത്യാ രാജ്യത്ത് മുസ്ലിം രാഷ്ട്രവാദം ആരെങ്കിലും അബദ്ധത്തിലെങ്കിലും ഉന്നയിച്ചാൽ അതിനെ എതിർക്കുന്നവരുടെ കൂട്ടത്തിൽ ഏറ്റവും മുന്നിൽ മുസ്ലിംലീഗുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കാൻ ഇപ്പോഴും സർക്കാർ തയ്യാറായിട്ടില്ല. ഇത് ഏതെങ്കിലും സമുദായത്തിന്റെ പ്രശ്‌നമല്ല. പഠിക്കാൻ അവസരമുണ്ടാക്കേണ്ട ഉത്തരവാദിത്തം സർക്കാറിനാണ്. മുഖ്യമന്ത്രി മൈക്കിനോട് കാണിക്കുന്ന ധാർഷ്ട്യം ജനങ്ങളോട് കാണിക്കരുത്. ഒന്നോ രണ്ടോ ബാച്ച് കൊടുത്ത് രക്ഷപ്പെടാൻ അനുവദിക്കില്ല. ഒരു കുട്ടി പോലും അവസരമില്ലാതെ പഠിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകരുത്. മലബാറിൽ മാത്രമല്ല, കേരളത്തിൽ ഒരിടത്തും ഇങ്ങനെയൊരു സാഹചര്യമുണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.