ലക്‌നൗ: ഹാത്രസ് കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഡി.ഐ.ജിയുടെ ഭാര്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘമായ എസ്.ഐ.ടിയിലെ ഡി.ഐ.ജി ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശിനെ(36)യാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

പുഷ്പ പ്രകാശ് ലഖ്നൗ സുശാന്ത് ഗോൾഫ് സിറ്റിയിലെ വീട്ടിൽ സീലിങ് ഫാനിൽ തൂങ്ങിമരിച്ചെന്നാണ് പോലീസ് നൽകുന്നവിവരം. ശനിയാഴ്ച പകല്‍ പതിനൊന്ന് മണിയോടെ വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു പുഷ്പയെ കണ്ടെത്തിയത്. ഉടൻതന്നെ ലോഹിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർ പറഞ്ഞു. മരണകാരണം വ്യക്തമായിട്ടില്ല.

The home in Lucknow where Pushpa Prakash died by suicide
പുഷ്പ പ്രകാശ് ലഖ്നൗ സുശാന്ത് ഗോൾഫ് സിറ്റിയിലെ വീട്

ഹാത്രസ് കേസ് അന്വേഷിക്കാൻ യു.പി സർക്കാർ രൂപവത്‌കരിച്ച പ്രത്യേക സംഘത്തിൽ ഉൾപ്പെട്ടയാളാണ് ഡി.ഐ.ജി. ചന്ദ്രപ്രകാശ്. ഭാര്യയുടെ മരണത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും മരണവിവരം ഡി.ഐ.ജിയുടെ കുടുംബം പോലീസിൽ അറിയിച്ചിരുന്നുവെന്നും ഡി.സി.പി ചാരുനിഗം മാധ്യമങ്ങളോട് പറഞ്ഞു. വീട്ടിൽനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നും ഡി.സി.പി. കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസമാണ് യു.പിയിലെ ഹാത്രസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കേസില്‍ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും പ്രത്യേക അന്വേഷണം വേണമെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്നാണ് അന്വേഷണം എസ്.ഐ.ടിയ്ക്ക് കൈമാറിയത്. എന്നാല്‍ പിന്നീട് യു.പി സര്‍ക്കാറിന്റെ ആവശ്യപ്രകാരം കേസ് സി.ബി.ഐയ്ക്ക് കൈമാറിയിരുന്നു.