ചെന്നൈ: ഭര്‍ത്താവിന്റെ വീട്ടില്‍ ശുചിമുറിയില്ലെന്നറിഞ്ഞ യുവതി വീട്ടിലേക്ക് മടങ്ങിയതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വിവാഹത്തിന്റെ പിറ്റേദിവസം സ്വന്തം വീട്ടിലേക്കു മടങ്ങുകയായിരുന്നു നവവധു. എന്നാല്‍ വീട്ടിലേക്ക് തിരിച്ചുവരാന്‍ നിര്‍ബന്ധിച്ചിട്ടും തയ്യാറാകാത്തതിനെ തുടര്‍ന്ന് മനംനൊന്തു ഭര്‍ത്താവ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. സേലം ജില്ലയിലെ ഓമലൂരിലാണു സംഭവം.

സേലത്തു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ചെല്ലദുരൈ(30) ആണു മരിച്ചത്. ഇരുവരുടെതും പ്രണയ വിവാഹമായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പു മറികടന്നായിരുന്നു ഇവര്‍ രജിസ്റ്റര്‍ വിവാഹം ചെയ്തത്്. വിവാഹത്തിനു ശേഷം ചെല്ലദുരൈയുടെ വീട്ടില്‍ ശുചിമുറിയില്ലെന്നു മനസ്സിലാക്കിയ ദീപ വിവാഹത്തിന്റെ പിറ്റേദിവസം സ്വന്തം വീട്ടിലേക്കു മടങ്ങുകയായിരുന്നു. ശുചിമുറി നിര്‍മിച്ചതിനു ശേഷം തന്നെ തിരികെ വിളിച്ചാല്‍ മതിയെന്നറിയിച്ചാണു ഭാര്യ മടങ്ങിയത്.

വീട്ടിലെത്തി ചെല്ലദുരൈ ഒട്ടേറെ തവണ അഭ്യര്‍ഥിച്ചെങ്കിലും ദീപ തിരിച്ചുവരാന്‍ തയാറായില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം ഇയാളെ പ്രദേശത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.